കടുത്തുരുത്തി: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ വൈദികനില്‍നിന്ന് 1.41 കോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയുള്‍പ്പെടെ രണ്ടുപേരെകൂടി പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അന്‍സാരി (35), കോഴിക്കോട് താമരശേരി പെരുമ്പള്ളി ഇലവ വീട്ടില്‍ കെ. അജ്മല്‍ (25) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ നാലുപേര്‍ അറസ്റ്റിലായി.
മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അന്‍സാരിയെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയില്‍നിന്നാണ് സാഹസികമായി അറസ്റ്റ് ചെയ്തത്.ഇയാള്‍ ഷെയര്‍ ട്രേഡിംഗില്‍ താത്പര്യമുള്ള വൈദികനെ സമൂഹമാധ്യമം വഴി ബന്ധപ്പെട്ട് തട്ടിപ്പിൽ വീഴ്ത്തുകയായിരുന്നു.
തുടക്കത്തില്‍ കുറച്ച് ലാഭവിഹിതം നല്കി വിശ്വാസം ഉണ്ടാക്കുകയും പിന്നീട് ഷെയര്‍ ട്രേഡിംഗില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയുമായിരുന്നു. പല കാരണങ്ങള്‍ പറഞ്ഞ് പലതവണകളായി വിവിധ അക്കൗണ്ടുകളിലേക്കായി 1,41,86,385 രൂപയാണ് പ്രതി വാങ്ങിയത്.
മുടക്കിയ പണവും ലാഭവും കിട്ടാതായതോടെ വൈദികന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. കടുത്തുരുത്തി പോലീസ് നടത്തിയ അന്വേഷണത്തില്‍ എസ്എച്ച്ഒ ടി.എസ്. റെനീഷിന്റെ നേതൃത്വത്തില്‍ കേരളത്തിലെ എടിഎം വഴി പണം പിന്‍വലിച്ച കോഴിക്കോട് സ്വദേശികളായ ഷംനാദ്, മുഹമ്മദ് മിന്‍ഹാജ് എന്നിവരെ പിടികൂടിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അജ്മല്കൂടി ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. ഇയാളെ പിടിക്കാന്‍ തിരച്ചില്‍ നടത്തുന്നതിനിടെയിലാണ് ഇയാള്‍ കടുത്തുരുത്തി സ്റ്റേഷനില്‍ ഹാജരായത്. തട്ടിപ്പിന്റെ പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണന്ന് കണ്ടെത്തിയിരുന്നു.
പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണസംഘം രൂപീകരിച്ചു. ഉത്തരേന്ത്യന്‍ സംഘത്തിലെ പ്രധാനി മഹാരാഷ്ട്ര സ്വദേശിയായ മമ്മദ് ജാവേദ് അന്‍സാരിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.