കായംകുളം: ഫേസ് ബുക്ക് വഴി പരിചയപ്പെട്ടശേഷം പത്തുലക്ഷം രൂപ വായ്പ തരപ്പെടുത്തി ത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കായംകുളം പെരിങ്ങാല നടക്കാവ് സ്വദേശിയിൽനിന്നു ഗൂഗിൾ പേ വഴി രണ്ടു ലക്ഷത്തി അയ്യായിരം രൂപ തട്ടിയെടുത്ത കേസിൽ അമ്പലപ്പുഴ സ്വദേശി കായംകുളം പോലീസിന്റെ പിടിയിലായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ കോമനയിൽ കിളിയേറ്റില്ലം വീട്ടിൽ ബിബിൻ ജോൺസൺ (30) ആണ് അറസ്റ്റിലായത്.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാത്തിമ ഗ്രൂപ്പ് ഓഫ് കമ്പനി എക്സിക്യൂട്ടീവ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആൾമാറാട്ടം നടത്തി പത്തുലക്ഷം രൂപ വായ്പ ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.പെരിങ്ങാല സ്വദേശിയിൽനിന്നു പ്രോസസിംഗ് ഫീസ് ആയി 2023 നവംബർ മാസത്തിൽ മൂന്ന് തവണകളായി രണ്ടു ലക്ഷത്തി അയ്യായിരം രൂപ കൈവശപ്പെടുത്തിയ ശേഷം വായ്പ ശരിയാക്കി കൊടുക്കാതെ തട്ടിപ്പ് നടത്തിയതിനെത്തുടർന്ന് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സമാനരീതിയിൽ തട്ടിപ്പ് നടത്തി പണം വാങ്ങിയതിന് ഇയാളുടെ പേരിൽ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ കേസുണ്ടെന്നും കൂടാതെ മാവേലിക്കര പോലീസ് സ്റ്റേഷനിൽ എടിഎം കവർച്ച കേസിലും നൂറനാട് പോലീസ് സ്റ്റേഷനിൽ പിടിച്ചുപറി കേസിലും അമ്പലപ്പുഴ സ്റ്റേഷനിൽ മോഷണക്കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ കായംകുളം സിഐ അരുൺ ഷാ, എസ്ഐ അജിത്ത്, പോലീസ് ഉദ്യോഗസ്ഥരായ സോനു ജിത്ത്, അഖിൽ മുരളി, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.