പോത്തന്കോട് : ഓൺലൈൻ തട്ടിപ്പ് വീണ്ടും. വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്നും 116000 രൂപ നഷ്ടമായി. മുരുക്കുംപുഴ സ്വദേശി ശ്രീദേവിയുടെ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ കണിയാപുരം ശാഖയിൽ നിക്ഷേപിച്ചിരുന്ന തുകയിൽ നിന്ന് 116000 രൂപയാണ് നഷ്ടമായത്.
നവംബർ 26 മുതൽ ഡിസംബർ12 വരെ 15 തവണകളായാണ് ഓൺലൈൻ തട്ടിപ്പ് നടത്തിയിരിക്കുന്നത്. സംഭവത്തിൽ ശ്രീദേവി ആറ്റിങ്ങൽ ഡിവൈഎസ്പിക്കും സൈബർ സെല്ലിനും, ബാങ്ക് അധികൃതർക്കും പരാതി നൽകി.
ഇ - പേമെന്റിലൂടെ മുംബൈയിൽ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്. വിദേശത്തുള്ള മകൻ പലപ്പോഴായി ശ്രീദേവിയുടെ അക്കൗണ്ടിലേക്ക് അയച്ച തുകയാണ് നഷ്ടമായത്.പണം പിൻവലിക്കുന്ന മെസേജ് ഫോണിൽ വന്നിരുന്നെങ്കിലും ഇതൊന്നും മനസിലാക്കാൻ ശ്രീദേവിക്ക് കഴിഞ്ഞില്ല. ഒടുവിൽ കഴിഞ്ഞ ദിവസം മെസേജുകൾ വീട്ടിൽ പേയിംഗ് ഗസ്റ്റായിട്ടുള്ളവരെ കാണിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം ശ്രീദേവി അറിയുന്നത്.
തുടർന്ന് ബാങ്ക് മാനേജർക്കും ആറ്റിങ്ങൽ ഡിവൈഎസ്പി തിരുവനന്തപുരം സൈബർ സെൽ എന്നിവർക്ക് പരാതി നൽകി. പണം നഷ്ടമായതിനെ കുറിച്ച് വ്യക്തമാക്കാൻ ബാങ്ക് അധികൃതർ തയാറായില്ലെന്ന് പരാതിയിൽ പറയുന്നു.
തുടർച്ചയായ ബാങ്ക് അവധികൾ; തട്ടിപ്പുകൾക്കെതിരേ ജാഗ്രത വേണം
തിരുവനന്തപുരം: ഇന്നു മുതൽ തുടർച്ചയായി ബാങ്കുകൾ അവധിയായിരിക്കുന്നതിനാൽ യുപിഐ വഴിയുള്ള തട്ടിപ്പുകൾ നടക്കാതിരിക്കുന്നതിന് ജനങ്ങൾ ശ്രദ്ധിക്കണമെന്ന് പോലീസ്. ബാങ്ക് വിവരങ്ങൾ ചോദിച്ച് തട്ടിപ്പുകാർ ഉപഭോക്താക്കളെ വിളിക്കാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശ് അറിയിച്ചു.
ബാങ്കുകൾ കാർഡ് സംബന്ധമായ വിവരങ്ങൾക്ക് ഉപഭോക്താക്കളെ ഫോണിൽ ബന്ധപ്പെടാറില്ല. ഇത്തരം വിവരങ്ങൾ ആവശ്യപ്പെട്ട് വിളിക്കുന്നവർക്ക് യാതൊരുവിധ വിവരങ്ങളും നൽകരുത്. ബാങ്കുകളിൽ നിന്നും ലഭിക്കുന്ന എസ്എംഎസുകൾ ഒരു കാരണവശാലും മറ്റ് നന്പരുകളിലേക്ക് ഫോർവേഡ് ചെയ്യരുത്. ഇത്തരത്തിൽ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്താൽ മാത്രമേ അക്കൗണ്ടിൽ നിന്ന് കൂടുതൽ തുക നഷ്ടപ്പെടുന്നത് തടയാനാകൂ.