കോഴിക്കോട്: ആദ്യം ഒരു രൂപ നിക്ഷേപിച്ചപ്പോൾ രണ്ടു രൂപ തിരികെ നൽകി. ആ രണ്ടു രൂപയുടെ വിശ്വാസം വളർന്ന് മൂന്നു ലക്ഷം രൂപ വരെ ഡോക്ടറിൽ നിന്ന് വാങ്ങിയെടുത്തശേഷം ’സിഐഎസ്എഫ്’ ഉദ്യോഗസ്ഥൻ തന്ത്രപൂർവം മുങ്ങി.
ഒഎൽഎക്സ് ആപിലൂടെ വീട് വാടകയ്ക്ക് നൽകാൻ ശ്രമിച്ച കോഴിക്കോട്ടെ ഡോക്ടർ സൈബർ പോലീസിൽ പരാതി നൽകിയെങ്കിലും മാനക്കേട് ഭയന്ന് പേര് പുറത്തു പറയാൻ മടിക്കുകയാണ്. വീട് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പുകാരൻ വിരിച്ച വലയിലാണ് ഡോക്ടർ വീണത്.
90,000 രൂപയാണ് വീടിന്റെ സെക്യുരിറ്റിയായി ഡോക്ടർ ആവശ്യപ്പെട്ടത്. നിക്ഷേപിക്കുന്ന പണത്തിന്റെ ഇരട്ടി തിരിച്ചു കിട്ടുന്ന ഒരു സ്കീം പട്ടാളത്തിലുണ്ടെന്ന് പറഞ്ഞ് ഡോക്ടറെ കൊണ്ട് ആദ്യം പണം അങ്ങോട്ട് നിക്ഷേപിക്കാൻ തട്ടിപ്പുകാരന് കഴിഞ്ഞു.
ഇരട്ടി കിട്ടുമെന്ന പ്രതീക്ഷയിൽ പല തവണയായി ഡോക്ടർ മൂന്നര ലക്ഷത്തോളം രൂപ അടച്ചതായി പോലീസ് പറഞ്ഞു. നയാ പൈസ പോലും തിരിച്ചുകിട്ടാതെ വന്നതോടെയാണ് ഡോക്ടർ പോലീസിനെ സമീപിച്ചത്.