കോട്ടയം: കോട്ടയത്ത് നേപ്പാൾ സ്വദേശി ജോലി ചെയ്തു സന്പാദിച്ച മുക്കാൽ ലക്ഷത്തിലധികം രൂപ ഓണ്‍ ലൈൻ തട്ടിപ്പുകാർ കൊണ്ടുപോയി. മൊബൈൽ ഫോണിന്റെ കവർ വാങ്ങിയയാൾക്കാണ് 86,000 രൂപ നഷ്ടമായത്. കോട്ടയത്ത് തൊഴിൽ തേടിയെത്തിയ നേപ്പാൾ സ്വദേശി സദ്ദാം ഹുസൈനാണ് പണം നഷ്ടപ്പെട്ടത്.
പണം നഷ്ടപ്പെട്ട വഴിയിങ്ങനെ: ഇയാൾ ഓണ്‍ലൈൻ വഴി മൊബൈൽ ഫോണിന്റെ കവർ വാങ്ങി. കവർ മൊബൈൽ ഫോണിലിട്ടപ്പോൾ അളവ് ശരിയല്ല. അതിനാൽ തിരികെ കൊടുത്തു. തിരികെ നല്കിയാൽ പണം തിരികെ നല്‍കേണ്ടതാണ്. ഇത് ഇയാളുടെ അക്കൗണ്ടിലേക്ക് നല്‍കാമെന്നു പറഞ്ഞ് അക്കൗണ്ട് വിവരങ്ങൾ വാങ്ങി.
പിന്നീട് നെറ്റ് ബാങ്കിംഗ് മുഖേന അക്കൗണ്ടിലുണ്ടായിരുന്ന പണം മറ്റൊരു അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു. പണം പിൻവലിച്ചതിന്റെ സന്ദേശം മൊബൈൽ ഫോണിൽ എത്തിയപ്പോഴാണു കബളിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. ഉടനെ വെസ്റ്റ് പോലീസിൽ പരാതി നല്കി. പോലീസ് അന്വേഷണത്തിൽ പശ്ചിമ ബംഗാളിലെ ഒരു അക്കൗണ്ടിലേക്കാണു പണം മാറ്റിയതെന്നു വ്യക്തമായി. പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.