പയ്യന്നൂര്‍: വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരില്‍ നിയമ വിരുദ്ധമായ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിലൂടെ കോടികള്‍ തട്ടിയെടുത്ത സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് ഇരിയ സ്വദേശികളായ പത്തായപ്പുര ഹൗസില്‍ പ്രജീഷ് (30),പൂണൂര്‍ ഹൗസില്‍ ബാലദാസ് (31), രാവണേശ്വരത്തെ നാട്ടുങ്കല്‍ സുധീഷ് (27) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
2015 മുതല്‍ മണിച്ചെയിൻ മാതൃകയില്‍ അരങ്ങേറിയ തട്ടിപ്പാണ് ഇന്നലെ കാഞ്ഞങ്ങാട് മാവുങ്കലിലെ സ്ഥാപനത്തില്‍ നടത്തിയ രണ്ടുമണിക്കൂറോളം നീണ്ട റെയ്ഡിലൂടെ പോലീസ് കണ്ടെത്തിയത്.ഇതുമായി ബന്ധപ്പെട്ട രേഖകളും പോലീസ് പിടിച്ചെടുത്തു.പയ്യന്നൂര്‍ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ എസ്ഐ രമേശന്, സിപിഒമാരായ സുരേഷ്, ഗിരീഷ്, പ്രിയേഷ് എന്നിവര്‍ ചേര്‍ന്നാണ് മിന്നല്‍ റെയ്ഡ് നടത്തിയത്.
മലേഷ്യ കേന്ദ്രമായി സ്ഥാപിച്ച ക്യൂനെറ്റ് എന്ന വിദ്യാഭ്യാസ ട്രസ്റ്റിന്റെ കീഴിലുണ്ടാക്കിയ ക്യൂ ലയണ്‍ ഓണ്‍ലൈന്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗിലൂടെയാണ് ഇവര്‍ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് കണ്ടെത്തി.ഒന്നേകാല്‍ ലക്ഷം രൂപ ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 80,000 രൂപ വിലയുള്ള വാച്ചും ട്രാവല്‍ പോര്‍ട്ടലുമാണ് ഇവര്‍ വാഗ്ദാനം ചെയ്തിരുന്നത്.
യാത്രകളില്‍ ഹോട്ടലുകളില്‍ തങ്ങേണ്ടിവരുമ്പോള്‍ ഈട്രാവല് പോര്‍ട്ടല്‍ വഴി വന്‍കിഴിവുകള്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഗള്‍ഫിലുള്ള നിരവധിയാളുകള്‍ ഇവരുടെ വലയില്‍ കുടുങ്ങിയിരുന്നു. യുവാക്കളാണ് ഇവരുടെ കെണിയിലായവരിൽ ഏറെയും.മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് ലഭ്യമായ വിവരമെന്നും പോലീസ് പറഞ്ഞു.
പയ്യന്നൂര്‍ അന്നൂര്‍ കിഴക്കേക്കരയിലെ പ്രവാസിയായ എം.കെ.റെജില്‍ 2017 ഒക്ടോബര്‍ ആറിനാണ് ഇപ്പോള്‍ അറസ്റ്റിലായ സുധീഷിന് പണം കൈമാറിയത്. നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗിന്റെ വിവരം മറച്ചുവച്ച് ഒരു ബിസിനസ് സ്ഥാപനത്തിന്റെ പാര്ട്ടണറാക്കാമെന്ന് പറഞ്ഞാണ് റെജിലിനെ സംഘം വലയില്‍ വീഴ്ത്തിയത്. പിന്നീടാണ് ഇത് മണിചെയിന്‍ ബിസിനസാണെന്ന് ഇയാള്‍ക്ക് മനസിലായത്. ഇതേ തുടര്‍ന്ന് റെജില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ദുരനുഭവത്തിന് ശേഷം റെജിലുണ്ടാക്കിയ ഫൈറ്റേഴ്സ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട എഴുപതിലധികം പേര് അംഗങ്ങളായുണ്ട്. ഇവരില്‍ നിന്ന് കോടികളാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിരുന്നത്.തട്ടിപ്പ് സംഘത്തിനെതിരെ അറുപതോളം പരാതികള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. കാസര്‍ഗോഡ്, കണ്ണൂര്‍ മേലെചൊവ്വ,തൃശൂര്‍ എന്നിവിടങ്ങളിലും ഇവര്‍ക്ക് ശാഖകളുണ്ട്.
ഇവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന പണം മലേഷ്യയിലാണ് എത്തിച്ചേരുന്നതെന്നും പോലീസ് പറഞ്ഞു.പ്രധാന കണ്ണികളില്‍ രണ്ടുപേര്‍ ഒളിവിലാണ്.കൂടുതല്‍ അന്വേഷണം നടത്തിക്കഴിയുമ്പോള്‍ കൂടുതല്‍ പ്രതികളെ പിടികൂടാനാകുമെന്നും പോലീസ് പറഞ്ഞു.