സ്വന്തം ലേഖകന്‍
കോഴിക്കോട്: ഓണ്‍ ലൈന്‍ തട്ടിപ്പുകാരാല്‍ വലഞ്ഞ് പോലീസ്. മിലിട്ടറി ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് കോഴിക്കോട്ട് ചിക്കന്‍ വ്യാപാരികളെ ചുറ്റിച്ചതിന് പിന്നാലെ ബിഎസ്എഫ് ഉദ്യോഗസ്ഥന് എന്ന വ്യാജേന ലാബുകളിലും തട്ടിപ്പുനടത്തുന്ന സംഘമാണ് പുതിയതായി രംഗപ്രവേശം ചെയ്തിരിക്കുന്നത്.
പോലീസാകട്ടെ തലപുകയ്ക്കുകയാണ്. കേരളത്തിനു പുറത്തുള്ള തട്ടിപ്പുസംഘങ്ങളാണ് ഇതിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. നിരവധി പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. പലരും തലനാരിഴയ്ക്കാണ് തട്ടിപ്പില്‍പ്പെടാതെ രക്ഷപ്പെടുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജ്, ചേവരമ്പലം, കക്കോടി എന്നിവിടങ്ങളിലെ ലാബുകളില്‍ ബിഎസ്എഫ് ഉദ്യോഗസ്ഥന് എന്ന് ചമഞ്ഞാണ് ഓണ്‍ ലൈന്‍ പണം തട്ടാന്‍ ശ്രമിച്ചത്. കരസേനാ ക്യാമ്പില്‍നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് വാട്ട്സ് ആപ്പ് കോളിലൂടെയാണ് ലാബ് ഉടമകളുമായി ബന്ധപ്പെട്ടത്.
പുതുതായി റിക്രൂട്ട് ചെയ്ത 23 ഉദ്യോഗാര്‍ഥികള്‍ക്ക് രക്ത പരിശോധന വേണമെന്നായിരുന്നു ആവശ്യം. വാട്ട്സ് ആപ്പില്‍ വീഡിയോ കോള്‍ ചെയ്യാനും ആവശ്യപ്പെട്ടു. ബിഎസ്എഫ് യൂണിഫോം ധരിച്ചയാള്‍ ഹിന്ദിയില്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ഫോണ്‍ പേ വഴി 15,000 രൂപ നല്‍കാമെന്നും അറിയിച്ചു.
ഫോണ്‍ പേയില്‍ ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്മെന്റ് ഓപ്ഷന് എടുത്ത് തന്റെ ഫോണ്‍ നമ്പര്‍ നല്കാന് ആവശ്യപ്പെട്ടു. ഇതോടെ സംശയം തോന്നിയ ലാബ് ഉടമ ഫോണ്‍ കട്ടുചെയ്യുകയായിരുന്നു.സമാനമായ രീതിയിലായിരുന്നു കഴിഞ്ഞ ദിവസം ചിക്കന്‍ വ്യാപാരികളും വട്ടം കറങ്ങിയത്.
ഫോണിലൂടെ വിളിച്ച് മിലിട്ടറി ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് പരിചയപ്പെടുത്തി 25 കിലോയില്‍ കുറയാതെ നല്ല ഇറച്ചി വെട്ടിവയ്ക്കാനാണ് ആവശ്യപ്പെടുന്നത്. തുടര്‍ന്ന് പൈസ അക്കൗണ്ടില്‍ അടയ്ക്കാമെന്നു പറഞ്ഞ് ഗൂഗിള്‍ പേ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെടും. ഒപ്പം ഫോട്ടോയും പാന്‍കാര്‍ഡുകളുമൊക്കെ അയച്ചു നല്‍കും.
ഗൂഗിള്‍ പേവഴി പണം ക്രെഡിറ്റാവുന്നില്ലെന്നും താന്‍ അയച്ച അക്കൗണ്ടിലേക്ക് ഒരു രൂപ അയച്ചാല്‍ പേയ്മെന്റ് നടത്താന്‍ എളുപ്പമാവുമെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് പണം തട്ടാനുള്ള ശ്രമമാണിതെന്ന് പോലീസ് പറയുന്നു.എന്തായാലും രണ്ട് സംഭവങ്ങളെക്കുറിച്ചും കാര്യമായി അന്വേഷിക്കാന്‍ തന്നെയാണ് പോലീസ് തീരുമാനം.