പയ്യന്നൂര്‍: പയ്യന്നൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതുവഴികളിലൂടെ അജ്ഞാതര്‍ തട്ടിയെടുത്തത് 34 ലക്ഷത്തോളം രൂപ. അമിതലാഭം നല്‍കാമെന്ന് പ്രലോഭിപ്പിച്ചും ജോലി വാഗ്ദാനം ചെയ്തും പുതിയ സാങ്കേതിക വിദ്യകളിലൂടെ അക്കൗണ്ടില്‍നിന്ന് ഉടമയറിയാതെ പണം പിന്‍വലിച്ചുമാണ് പുതിയ തട്ടിപ്പുകള്‍ അരങ്ങേറിയത്.
ഇതിനെതിരേ പോലീസിന്റെ എന്‍സിആര്‍ബി ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന നാല് പരാതികളില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുക്കുകയായിരുന്നു.
കോറോം ചാലക്കോട് സ്വദേശി പി. ഷിജിലിന് 29 ലക്ഷം രൂപ നഷ്ടമായെന്ന പരാതിയിലാണ് ഒരു കേസ്. കഴിഞ്ഞമാസം 20നും 22നുമിടയില്‍ ടെലഗ്രാം ആപ് മുഖേന അമിതലാഭം വാഗ്ദാനം ചെയ്ത് അജ്ഞാതരായ പ്രതികള്‍ ബാങ്ക് അക്കൗണ്ട് മുഖേന 29 ലക്ഷം രൂപ വാങ്ങിയെടുത്തുവെന്നും ഈ പണം തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് ഐടി ആക്ട് കൂടി ഉൾപ്പെടുത്തി പോലീസ് കേസെടുത്തത്.
കോത്തായിമുക്ക് പാട്യം റോഡിലെ അഞ്ജലി രവീന്ദ്രന്റെ പരാതിയിലാണ് അടുത്ത കേസ്. കഴിഞ്ഞ ജൂലൈ 15 നും 17 നുമിടയില്‍ ഓണ്‍ലൈനില്‍ ഇന്‍ഫോസിസ് അനലിസ്റ്റായി ജോലി വാഗ്ദാനം ചെയ്താണ് ഈ തട്ടിപ്പ് അരങ്ങേറിയത്.
പ്രതികള്‍ വ്യാജ ലിങ്ക് മുഖേന പരാതിക്കാരിയില്‍നിന്നും ഓണ്‍ലൈന്‍ ട്രാന്‍സ്ഫറായും ഗൂഗിള്‍പേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും 2,80,000 രൂപ വാങ്ങി വഞ്ചിച്ചതായുള്ള പരാതിയിലാണ് ഈ കേസ്.
പയ്യന്നൂരിലെ ടി.പി. അക്ഷയ് വഞ്ചിക്കപ്പെട്ടത് ജോലി വാഗ്ദാനത്തിലാണ്. കഴിഞ്ഞമാസം 25 മുതല്‍ ഈമാസം നാല് വരെയുള്ള ദിവസങ്ങളിലാണ് തട്ടിപ്പ് നടന്നത്. ടെലഗ്രാം ആപ്പുവഴിയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്.
ഫ്രീലാന്‍സ് ജോലി വാഗ്ദാനത്തില്‍ വിശ്വസിച്ച് ഇയാള്‍ നല്കിയ 1,40,000 രൂപയാണ് നഷ്ടമായത്.പുതിയ സാങ്കേതിക വിദ്യയുപയോഗിച്ചുള്ള തട്ടിപ്പിലാണ് വെള്ളൂര്‍ സൗപര്‍ണികയിലെ ശ്രീഹരിയുടെ 90,000 രൂപ നഷ്ടമായത്.
പരാതിക്കാരന്റെ എസ്ബിഐ ബാങ്ക് അക്കൗണ്ടില്‍നിന്നും പ്രതികളുടെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ 0207002100149583 നമ്പര്‍ അക്കൗണ്ടിലേക്ക് 1000 രൂപ നിക്ഷേപിച്ചിരുന്നു.
പിന്നീട് പരാതിക്കാരന്‍പോലുമറിയാതെ ഇയാളുടെ അക്കൗണ്ടില്‍നിന്നും പ്രതികള്‍ 90,000 രൂപ പിന്‍വലിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ നല്കിയ പരാതി. ഈ പരാതിയിലുള്‍പ്പെടെ നാലു കേസുകളാണ് ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ പയ്യന്നൂര്‍ പോലീസെടുത്തത്.
പയ്യന്നൂര്‍: യുവതീ-യുവാക്കളില്‍നിന്നും പണം പിടുങ്ങുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ കേന്ദ്രം മഹാരാഷ്ട്രയെന്ന് സൂചന. വാട്സാപ്പുകളിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും നടക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പിനായി ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഈ സൂചന നല്‍കുന്നത്.
ഓണ്‍ലൈന്‍ ജോലി വാഗ്ദാനങ്ങളിലൂടെയാണ് തട്ടിപ്പുകാര്‍ ഇരകള്‍ക്കായി ആദ്യം വലവിരിക്കുന്നത്. മറ്റു ജോലികളുള്ളവര്‍ക്കും ജോലികളില്ലാത്തവര്ക്കും വീട്ടിലിരുന്ന് ഓണ്‍ലൈനായി ചെയ്യാവുന്ന ജോലിയും അതിനുള്ള തരക്കേടില്ലാത്ത വരുമാനവും വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളാണ് ആദ്യം തേടിയെത്തുന്നത്.
ഇതിനായി ബന്ധപ്പെടുന്നവര്‍ക്ക് നല്കുന്ന ചെറിയ ജോലികള്‍ ചെയ്യുമ്പോള്‍ അതിനുള്ള പ്രതിഫലവും ലഭിക്കുന്നതോടെയുണ്ടാവുന്ന ഉത്സാഹമാണ് ഇവര്‍ ലക്ഷ്യംവയ്ക്കുന്നത്. പിന്നീടാണ് പണം നിക്ഷേപിച്ചാല്‍ ലഭിക്കുന്ന വന്‍ലാഭത്തിന്റെ വാഗ്ദാനമെത്തുന്നത്. നിരവധി പ്ലാറ്റ്ഫോമുകളാണ് ഈ തട്ടിപ്പിനായി ഇവര്‍ സൃഷ്ടിച്ചിട്ടുള്ളത്.
ചെറിയ തുകയുടെ നിക്ഷേപത്തിന് വളരെ വേഗത്തില്‍ ലാഭമുള്‍പ്പെടെ തിരിച്ച് നല്കി വിശ്വാസം പിടിച്ചുപറ്റുകയാണ് ആദ്യപടി. പിന്നീട് വരുന്നത് ടാസ്കുകളാണ്. അത് ഒന്നിന് പിറകെ മറ്റൊന്നായി എത്തിക്കൊണ്ടിരിക്കും.
അടയ്ക്കുന്ന നിക്ഷേപത്തിന്റെ ഇരട്ടിയോളം വരുന്ന ലാഭമുള്‍പ്പെടെയുള്ള കണക്കുകള്‍ മുന്നിലെത്തുന്നതോടെ കടംവാങ്ങിയും പണമടയ്ക്കാനുള്ള വ്യഗ്രതയുണ്ടാവുന്നു. ടാസ്കുകള് പൂര്‍ത്തിയാവാതെ അടച്ച് പണം തിരിച്ചു കിട്ടുകയില്ല എന്നതിനാല്‍ ഉള്ളതും കടം വാങ്ങിയതും നിക്ഷേപിച്ച് ടാസ്കുകള് പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും.
മുന്നോട്ടുപോകാന്‍ രക്ഷയില്ലാതെ വരുമ്പോഴാണ് വീണ്ടുവിചാരമുണ്ടാവുക. അപ്പോഴേക്കും ഉള്ളതുമുഴുവന്‍ തട്ടിപ്പുകാരുടെ കൈകളിലെത്തിയിട്ടുണ്ടാവും.
നാണക്കേട് കാരണം പുറത്തുപറയാനോ പരാതിയുമായി പോകാനോ തയാറാവാത്ത നിരവധി പേരുണ്ടെന്നും ഇവരില്‍നിന്നും കോടികളാണ് ഓണ്‍ലൈന്‍ തട്ടിപ്പുസംഘം ഇതിനകം കൈക്കലാക്കിയിട്ടുള്ളതെന്നുമാണ് പുറത്തുവരുന്ന വിവരം.