ചെറായി: ഫോണിലൂടെ ഭക്ഷണം ഓർഡർ ചെയ്ത അജ്ഞാതസംഘം ചെറായി ദേവസ്വം നടയ്ക്ക് കിഴക്കുള്ള ഹോട്ടലുടമയെ കബളിപ്പിച്ച് അക്കൗണ്ടിൽനിന്ന് 25,000 രൂപ കവർന്നതായി പരാതി. ഫോണിൽ വിളിച്ച് 3,000 രൂപയുടെ ഭക്ഷണം ഓർഡർ ചെയ്തശേഷം ചെറായി ബീച്ചിലെ ഒരു റിസോർട്ടിൽ എത്തിക്കാനായിരുന്നു ആവശ്യപ്പെട്ടത്.
താൻ നേവിയിലെ ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തി ഹിന്ദിയിലായിരുന്നു സംസാരം. പണം ട്രാൻസ്ഫർ ചെയ്യാൻ ഹോട്ടലുടമ ഒരു ജീവനക്കാരന്റെ അക്കൗണ്ട് നന്പറും ഡെബിറ്റ് കാർഡിന്റെ നന്പറും നൽകി.
അല്പം കഴിഞ്ഞ് ഫോണ്‍ നോക്കിയപ്പോൾ അക്കൗണ്ടിൽ നിന്നും 25,000 രൂപ പിൻവലിച്ചതായി കണ്ട ഹോട്ടൽ അധികൃതർ ഞെട്ടി. ഇതോടെയാണ് സംഭവം തട്ടിപ്പായിരുന്നുവെന്ന് മനസിലായത്. തട്ടിപ്പ് മനസിലായതിനെത്തുടർന്ന് മുനന്പം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിൽ ഓണ്‍ലൈൻ വഴിയോ ഫോണ്‍ മുഖേനയോ നടത്തുന്ന വ്യാപരങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് മുനന്പം പോലീസ് മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് ഫോണിലൂടെ ഓർഡർ എടുത്ത് അക്കൗണ്ട് വഴി പേയ്മെന്റ് സ്വീകരിച്ച് ഭക്ഷണ വിതരണം നടത്തുന്ന ഹോട്ടലുകാരാണ് കൂടുതൽ ജാഗരൂകരാകേണ്ടത്.
ചെറായി- പറവൂർ മേഖലയിൽ ഇത്തരം സൈബർ തട്ടിപ്പുകൾക്കിരയായവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഈ മുന്നറിയിപ്പ്. തട്ടിപ്പ് സംഘത്തിനു പിന്നിൽ ഇതര സംസ്ഥാനക്കാരോ മലയാളികളോ എന്നകാര്യം വ്യക്തമല്ല. പരാതികളുടെ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച് പോലീസ് സൈബർ സെല്ലിന്റെ അന്വേഷണം നടക്കുന്നുണ്ടെന്ന് മുനന്പം എസ്ഐ എ. ഷഫീക് അറിയിച്ചു.
പറവൂരിൽ നടന്ന സംഭവം ഇങ്ങനെ
പെരുവാരം മലബാർ ടാക്കീസ് ഹോട്ടൽ ഉടമ ദിനോജ്, ജീവനക്കാരൻ അഖിൽ എന്നിവരുടെ അക്കൗണ്ടുകളിൽനിന്നാണ് കഴിഞ്ഞദിവസം പണം നഷ്ടമായത്. ഓണ്‍ലൈനിൽ വിളിച്ച് ചിലർ 2,000 രൂപയുടെ ഭക്ഷണസാധനങ്ങൾ ബുക്ക് ചെയ്തു. ഹിന്ദിയും ഇംഗ്ലീഷും ഇടകലർന്നാണ് സംസാരിച്ചത്.
തുക അടയ്ക്കാൻ ഹോട്ടലിന്റെ അക്കൗണ്ട് നന്പർ ആവശ്യപ്പെട്ട ഇവർ പിന്നീട് ഈ അക്കൗണ്ടിൽ തുക അടയ്ക്കാനാകുന്നില്ലെന്ന് വിശ്വസിപ്പിച്ചശേഷം എടിഎം വഴി തുക നിക്ഷേപിക്കാൻ എടിഎം കാർഡിന്റെ നന്പർ ആവശ്യപ്പെട്ടു.
തുക അറിയുന്നതിന് ഒടിപി നന്പർ വരുന്പോൾ പറയണമെന്നും അവർ പറഞ്ഞു. ഒടിപി നന്പർ പറഞ്ഞയുടൻ അക്കൗണ്ടിൽനിന്നു പണം നഷ്ടമായി. ജീവനക്കാരൻ അഖിലിന്റെ അക്കൗണ്ട് നന്പർ നൽകിയപ്പോഴാണ് അഖിലും തട്ടിപ്പിനിരയായത്. ഓർഡർ ചെയ്ത ഭക്ഷണം പാഴായതടക്കം ആറായിരം രൂപയാണ് ഉടമയുടെ നഷ്ടം.