തൃശൂർ: ഓണ്‍ലൈൻ തട്ടിപ്പിലൂടെ പണം നഷ്പ്പെട്ട മൂന്നു പേർക്ക് സിറ്റി സൈബർ സെല്ലിന്റെ അന്വേഷണത്തിൽ പണം തിരിച്ചുകിട്ടി. നഷ്ടപ്പെട്ട 1.08 ലക്ഷത്തിൽ 68,999 രൂപയാണ് തിരിച്ചു കിട്ടിയത്. ബാങ്ക് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും അടക്കമുള്ളവർ തട്ടിപ്പിനിരയായവരിലുണ്ട്.
എമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ മൊബൈലിലേക്ക് ക്രെഡിറ്റ് കാർഡ് വെരിഫിക്കേഷൻ നടത്താനാണെന്നു പറഞ്ഞുവിളിച്ച് പിൻ നന്പർ കൈക്കലാക്കി 40,000 രൂപയും, റിസർവ് ബാങ്ക് പ്രതിനിധികളെന്ന് പറഞ്ഞ് ഫോണിൽ വിളിച്ച് ആധാർ ലിങ്ക് ചെയ്യുന്നതിനാണെന്ന് തെറ്റിദ്ധരിപ്പിച്ച് മുളങ്കുന്നത്തുകാവ് സ്വദേശിയായ വീട്ടമ്മയിൽ നിന്നും 49,999 രൂപയും, ജോബ് പോർട്ടലിൽ ജോലി രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥിനിയുടെ ജോലി പ്രോസസിംഗിന് എന്ന പേരിൽ 19,000 രൂപയുമാണ് തട്ടിയെടുത്തത്.
തട്ടിപ്പിനായി ഉപയോഗിച്ച ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് സൈബർ സെൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ അത്തരം അക്കൗണ്ടുകൾ മരവിപ്പിച്ച് പണം തിരിച്ചു പിടിക്കുകയായിരുന്നു. നോയിഡ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന സംഘങ്ങളാണ് തട്ടിപ്പിനു പുറകിൽ.
സ്ത്രീകളെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് മനസിലായിട്ടുണ്ടെന്നും പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ടെന്നും കമ്മീഷണർ അറിയിച്ചു. ഓണ്‍ലൈൻ തട്ടിപ്പിനിരയായാൽ ഉടൻ സൈബർ സെല്ലുമായി ബന്ധപ്പെടണമെന്നും കമ്മീഷണർ പറഞ്ഞു.
സിറ്റി പൊലീസ് പരിധിയിലുള്ള സൈബർ വിഭാഗത്തിെന്റെ സേവനങ്ങൾക്ക് 9497962836 എന്ന നന്പരിലും, 7025930100 എന്ന വാട്സ്ആപ്പ് നന്പരിലും ബന്ധപ്പെടാം.