മുക്കം: ആൻഡ്രയ്ഡ് ഫോണുകളും ഇന്റർനെറ്റും സർവസാധാരണമായി ഓൺലൈൻ ബിസിനസ് ഗ്രാമപ്രദേശങ്ങളിലും അരങ്ങ് തകർക്കുമ്പോൾ ഇതുവഴിയുള്ള തട്ടിപ്പുകളും പെരുകുന്നു. മുക്കത്തിനടുത്ത ആനയംകുന്ന് സ്വദേശിയായ കുവപാറമ്മൽ ശ്രീനിവാസന് ഓൺലൈൻ വഴി ബുക്ക് ചെയ്ത ഫോൺ കംപ്ലയിന്റായി തിരിച്ചയച്ചപ്പോൾ കിട്ടിയത് ഡിറ്റർജെന്റ് കേക്ക് . അതും ഒരു തവണയല്ല മൂന്ന് തവണ.
കഴിഞ്ഞ ഡിസംബർ മാസം അവസാനവാരത്തിലാണ് ശ്രീനിവാസൻ “നാപ്ടോൾ’ എന്ന ഓൺലൈൻ സൈറ്റിൽ സ്വൈപ് (Swip) കമ്പനിയുടെ ആൻഡ്രോയിഡ് ഫോണിനായി 3,499 രൂപ നൽകി ബുക്ക് ചെയ്തത്. ജനുവരി ആദ്യവാരം തന്നെ ഫോൺ ലഭിക്കുകയും ചെയ്തു. എന്നാൽ ഒരു മാസത്തെ ഉപയോഗത്തിന് മുൻപ് തന്നെ ഫോൺ കേടായി.
ഇതോടെ ഫോൺ തിരിച്ചയക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് തിരിച്ചയച്ചങ്കിലും ലഭിച്ചത് ഒരു ഡിറ്റർജെന്റ് കേക്കായിരുന്നു. ഉടൻ തന്നെ നാപ്ടോളുമായി ബന്ധപ്പെട്ടപ്പോൾ അബദ്ധം പറ്റിയതായിരിക്കാനാണ് സാധ്യതയെന്ന് പറഞ്ഞ് സാധനം തിരിച്ചയക്കാൻ ആവശ്യപ്പെടുകയായിരുന്നു.
തിരിച്ചയച്ച സാധനം മാറി വന്നപ്പോഴും കവറിലുണ്ടായിരുന്നത് ഡിറ്റർജെന്റ് കേക്ക് തന്നെ. ഇങ്ങനെ മൂന്ന്തവണ ശ്രീനിവാസന് ഇത്തരത്തിൽ ഘടി എന്ന കമ്പനിയുടെ 10 രൂപ വിലയുള്ള ഡിറ്റർജെന്റ് കേക്ക് തന്നെ ലഭിച്ചു. ഫോണിനായി നൽകിയ തുകയും സാധനം തിരിച്ചയക്കാനായി ചിലവായ തുകയുമുൾപ്പെടെ വലിയ സാമ്പത്തിക നഷ്ടമാണ് ശ്രീനിവാസന് ഉണ്ടായിരിക്കുന്നത്.
തിനെതിരെ ഉപഭോക്തൃ കോടതിയെ സമിപിക്കാനൊരുങ്ങുകയാണിയാൾ. ഇത്തരത്തിൽ സംസ്ഥാനത്തുടനീളം തട്ടിപ്പുകൾ വർധിക്കുമ്പോൾ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.