തൃക്കൊടിത്താനം: ഒരിടവേളയ്ക്കുശേഷം ജില്ലയിൽ വീണ്ടും ഓണ്‍ലൈൻ വിപണിയിൽ തട്ടിപ്പ് വ്യാപകമാകുന്നു. ഇത്തവണ ഓണ്‍ലൈൻ വിപണിയിൽ നിന്നും മൂന്ന് ഷർട്ട് വാങ്ങിയയാൾക്കു ലഭിച്ചത് കീറിയതും പഴയതുമായ ഒരു ഷർട്ട്.
ഒറ്റനോട്ടത്തിൽ തന്നെ ഷർട്ട് ഉപയോഗിച്ചശേഷം ഉപേക്ഷിതാണെന്ന് മനസിലാകും. നാളുകൾക്കു മുന്‍പ് സമാനമായ രീതിയിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ തോതിൽ തട്ടിപ്പ് നടന്നിരുന്നു. ഓണ്‍ലൈൻ വിപണിയിൽ തട്ടിപ്പ് നടത്തുന്നതിനു മാത്രമായി മലയാളികൾ ഉൾപ്പെടുന്ന വലിയ സംഘം പ്രവർത്തിക്കുന്നതായി പോലീസും പറയുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചാണ് വസ്ത്രങ്ങൾക്കു ഓഫർ നല്‍കാമെന്നു പരസ്യം നല്കി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടക്കുന്നത്.
ലൂയിസ്, ഇ കാർട്ടർ എന്ന കന്പനിയുടെ കോന്പോ ഓഫറിൽ 1069 രൂപക്ക് മൂന്നു ഷർട്ട് ഓർഡർ ചെയ്ത തൃക്കൊടിത്താനം കുന്നുംപുറത്ത് വീട്ടിൽ ടി.ഹരിക്ക് ലഭിച്ചത് കീറിയ പഴന്തുണി ഷർട്ടാണ്.
ഓണ്‍ലൈനിൽ 1069 രൂപയ്ക്ക് മൂന്നു ഷർട്ടാണ് ബുക്ക് ചെയ്തതെങ്കിലും പഴകി കീറിയ ഒരു ഷർട്ട് മാത്രമായിരുന്നു പായ്ക്കറ്റിൽ ഉണ്ടായിരുന്നത്. വീട്ടുകാർ പണം നല്കിയതിനുശേഷം കവർ തുറന്നു നോക്കിയപ്പോഴാണ് തട്ടിപ്പ് മനസിലായത്.
ഉടൻ തന്നെ ഡെലിവറി ബോയിയെ വിളിച്ചെങ്കിലും ആദ്യം ഫോണ്‍ എടുത്തെങ്കിലും പിന്നീട് ഫോണ്‍ നന്പർ ലഭിക്കാതായതായും വീട്ടുകാർ പറയുന്നു. തട്ടിപ്പ് ചൂണ്ടിക്കാട്ടി തൃക്കൊടിത്താനം പോലീസിന് പരാതി നൽകിയിട്ടുണ്ട്. വിവിധ കന്പനികളാണ് ഓണ്‍ലൈനിൽ കച്ചവടത്തിന് ആളുകളെ ആകർഷിക്കാൻ വലിയ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്.
ഓഫർ സാധനങ്ങൾ ഓർഡർ ചെയ്യുന്നവരാണ് കബളിപ്പിക്കപ്പെടുന്നത്. ലോക് ഡൗണ്‍ കാലമായതിനാൽ ഇതേ കന്പനിയിൽ പതിനായിരത്തിലധികം ആളുകൾ ഓർഡർ ചെയ്തിട്ടുണ്ട്. കടകളിലും വസ്ത്രശാലകളിലും മറ്റും പോകുന്നതിന് ബുദ്ധിമുട്ടുള്ളതിനാൽ നിരവധി ആളുകൾ ഓണ്‍ലൈൻ വ്യാപാരത്തെയാണ് ആശ്രയിക്കുന്നത്.
ഹരിയുടെ ഓർഡർ നന്പർ 17000ന് മുകളിലാണ്. 999 രൂപയ്ക്ക് രണ്ടു മുതൽ അഞ്ചു ഷർട്ട് വരെ ലഭിക്കുന്ന ഓഫറുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പലരും സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്ന പരസ്യങ്ങൾ കണ്ടാണ് വസ്ത്രങ്ങൾക്കു ഓർഡർ നല്‍കുന്നത്.
പലപ്പോഴും വ്യാജ ഓണ്‍ലൈൻ വില്പന സൈറ്റുകൾക്കാണ് പലരും ഓർഡർ നല്‍കുന്നതെന്നും പോലീസ് പറഞ്ഞു.