ന്യൂഡൽഹി: ഓൺലൈൻ തട്ടിപ്പിന് ഉപയോഗിക്കുന്ന 59,000 വാട്സാപ് അക്കൗണ്ടുകളും 1,700ലേറെസ്കൈപ് ഐഡികളും ബ്ലോക്ക് ചെയ്ത് കേന്ദ്രസർക്കാർ.
2024 നവംബർ 15 വരെ, 6.69 ലക്ഷത്തിലധികം സിം കാർഡുകളും 1.32 ലക്ഷം ഐഎംഇഐകളും പോലീസ് റിപ്പോർട്ട് അനുസരിച്ച് ബ്ലോക്ക് ചെയ്തിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ ആണ് ഇവ ബ്ലോക്ക് ചെയ്തത്.
ഇൻകമിംഗ് ഇന്റർനാഷണൽ വ്യാജ കോളുകൾ കണ്ടെത്തി തടയുന്നതിനുള്ള സംവിധാനം കേന്ദ്ര സർക്കാരും ടെലികോം സേവന ദാതാക്കളും (ടിഎസ്പി) വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നു ലോക്സഭയിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രി ബന്ദി സഞ്ജയ് കുമാർ അറിയിച്ചു. വ്യാജ കോളുകൾ ഇന്ത്യയിൽനിന്നുള്ളതാണെങ്കിലും കണ്ടെത്തി തടയാൻ സംവിധാനത്തിനു കഴിയുമെന്നും മന്ത്രി അറിയിച്ചു.