കണ്ണൂർ: ലണ്ടനിൽ പഠിക്കുന്ന അമേരിക്കൻ പൗരനാണെന്നും പാസ്പോർട്ടും പണമടങ്ങിയ പേഴ്സും നഷ്ടപ്പെട്ടുവെന്നും കാണിച്ച് പണം തട്ടുകയും കൂടുതൽ പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത യുവാവ് പിടിയിൽ. ഡൽഹി കിർകി ബ്ലോക്ക് ജംഗ്ഷനിൽ എൽവിസ് മെന്റാന (33) യെയാണ് ഇന്നുരാവിലെ പള്ളിക്കുന്ന് ശ്രീപുരത്തിനു സമീപം വച്ച് പള്ളി വികാരിയുടെ വേഷത്തിലെത്തിയ പോലീസ് പിടികൂടിയത്.
കാസർഗോഡ് പടിഞ്ഞാറത്ത് ഡോൺബോസ്കോ പള്ളിയിലെ ഫാ. ജയിംസ് പ്ലാക്കാട്ടിൽ നിന്നും 4500 രൂപ കൈപ്പറ്റിയശേഷം കൂടുതൽ പണം വേണമെന്ന് ആവശ്യപ്പെട്ട് ഇയാൾ മൊബൈലിൽ സന്ദേശമയച്ചിരുന്നു. ഈമാസം 26 നാണ് പടിഞ്ഞാറത്തെ പള്ളിയിലെത്തിയ എൽവിസ് ഫാ. ജയിംസിനോട് പാസ്പോർട്ടും പണവും നഷ്ടപ്പെട്ട കാര്യം പറഞ്ഞ് പണം ആവശ്യപ്പെട്ടത്. എൻഫീൽഡ് ബൈക്കിലാണ് ഇയാൾ ഇവിടെ എത്തിയിരുന്നത്.
ബാങ്കിലെ അക്കൗണ്ട് നന്പർ വേണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഡോൺബോസ്കോയിലെ ഒരു വിദ്യാർഥിയുടെ അക്കൗണ്ട് നന്പർ എൽവിസിനു നൽകുകയും ചെയ്തു. 27ന് കണ്ണൂരിലെത്തിയ ഇയാൾ രാജപുരത്തെ വികാരിയുടെ ഫോൺ നന്പറിൽ 75000 രൂപകൂടി തനിക്ക് വേണമെന്ന് ആവശ്യപ്പെട്ട് സന്ദേശം അയയ്ക്കുകയായിരുന്നു. ഇതോടെ സംശയം തോന്നിയ ഫാ. ജയിംസ് പ്ലാക്കാട്ട് കണ്ണൂർ ടൗൺ പോലീസുമായി ബന്ധപ്പെട്ടു.
ഇതേതുടർന്ന് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നിർദേശപ്രകാരം ടൗൺ സിഐ രത്നകുമാർ, എസ്ഐ ഷാജി പട്ടേരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇയാൾ താമസിക്കുന്ന സ്ഥലം മനസിലായതോടെ ടൗൺ സ്റ്റേഷനിലെ റൗഫ്, അജയ്, അനിൽബാബു എന്നിവർ വേഷം മാറി സ്ഥലത്തെത്തുകയായിരുന്നു. ഇതിലൊരാൾ ഫാ. ജെറോമാണെന്നും ജയിംസ് പ്ലാക്കാട്ട് പറഞ്ഞിട്ടാണ് വന്നതെന്നും പറഞ്ഞാണ് ഇയാളെ വലയിലാക്കുന്നത്. ഇയാളെ പിടികൂടി ടൗൺ സ്റ്റേഷനിലെത്തിച്ചു.
മുംബൈ അന്ധേരിയിലെ റോയി മേനോന്റെ മകൻ എൽവിസ് റോയ് എന്നപേരിൽ വ്യാജ മറ്റൊരു പാസ്പോർട്ടുണ്ടെന്നും മനസിലായി. മണിപ്പാലിൽ തന്റെ പാസ്പോർട്ട് കാണാതായി പോലീസിനു നൽകിയ പരാതിയുടെ കോപ്പി കാണിച്ചാണ് ഇയാൾ ക്രിസ്ത്യൻ പള്ളികൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്നത്.
ഫാ. ജയിംസിനോട് ഡഗ്ലസ് എന്നാണ് തന്റെ പേരെന്നാണ് പറഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഇന്ത്യൻ പൗരനാണെന്നു വ്യക്തമായത്. കണ്ണൂർ ടൗൺ പോലീസ് പിടികൂടിയ ഇയാളെ രാജപുരം പോലീസിനു കൈമാറി. ഇയാൾ കൂടുതൽ ഇതേതരത്തിൽ കൂടുതൽ തട്ടിപ്പു നടത്തിയതായും ഇയാൾക്കു പിന്നിൽ വൻ സംഘമുള്ളതായും പോലീസ് സംശയിക്കുന്നു.