കോഴിക്കോട്: കോഴിക്കോട് ഓണ്‍ലൈൻ സാന്പത്തിക തട്ടിപ്പുകൾ പെരുകുന്നു. കോഴിക്കോട് സിറ്റി പോലീസ് പരിധിയിൽ നടന്ന വൻ സാന്പത്തിക തട്ടിപ്പുകൾക്ക് ഇരയായവരിലേറെയും ഡോക്ടർമാർ. പണത്തോടുള്ള ആർത്തി മൂത്ത് തട്ടിപ്പുകാരുടെ വലയിലകപ്പെട്ടവരിൽ പ്രമുഖ ഡോക്ടർമാരുമുണ്ട്.
ഈ വർഷം ജൂണ്‍ വരെ കോഴിക്കോട് സിറ്റി സൈബർ പോലീസ് ടീം രജിസ്റ്റർ ചെയ്തത് 12 സൈബർ കേസുകളാണെങ്കിൽ കഴിഞ്ഞമാസവും ഈ മാസവുമായി രജിസ്റ്റർ ചെയ്തിരിക്കുന്നത് 16 കേസുകളാണ്. ചെറിയ തുകകളുടെ കേസുകൾ വേറെയുമുണ്ട്.
ജൂണ്‍ വരെയുള്ള കാലയളവിലായി രജിസ്റ്റർ ചെയ്തത് 92,15,000 രൂപയുടെ കേസുകളാണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി മാത്രം 70 ലക്ഷത്തിന്റെ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഈ മാസം അവസാനം വന്ന പരാതികളിൽ കുറേ എണ്ണം രജിസ്റ്റർ ചെയ്യാനുമുണ്ട്. ഇതുംകൂടി കണക്കാക്കിയാൽ ഈ മാസത്തെ തട്ടിപ്പു തുകയും കോടിയോടടുക്കുമെന്നാണ് സൂചന.
ഫേസ്ബുക്ക്, യുട്യൂബ് വീഡിയോ ലൈക്ക് ചെയ്തും ഷെയർ ചെയ്തും പണം സന്പാദിക്കാൻ സുവർണാവസരം എന്ന ഓഫറിലാണ് ഡോക്ടർമാർ അടക്കമുള്ളവർ ആദ്യം വീണത്.
കൂടുതൽ പണം സന്പാദിക്കാനായി പിന്നീട് ഓണ്‍ലൈൻ ട്രേഡിംഗിലേക്ക് മാറിയതോടെയാണ് ലക്ഷങ്ങളുടെ സാന്പത്തിക തട്ടിപ്പ് അരങ്ങേറിയത്.
ഇത്രയും വിവരവും വിദ്യാഭ്യാസവും ഉണ്ടായിട്ടും എങ്ങനെ തട്ടിപ്പിലകപ്പെട്ടുവെന്ന ചോദ്യം നേരിടാനാകാതെ മാനക്കേട് മൂലം സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ള പലരും പരാതി പുറത്തുപറയാൻ തയാറാകുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.
കേരളത്തിലാദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട എഐ സാന്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതും കോഴിക്കോട്ടാണ്.