തിരുവനന്തപുരം: ഓണ്ലൈൻ ട്രേഡിംഗിലൂടെ 3.75 ലക്ഷം രൂപ വ്യവസായിയിൽ നിന്നും തട്ടിയെടുത്ത മലപ്പുറം സ്വദേശിയെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി റഫീക്ക് (43) ആണ് അറസ്റ്റിലായത്. ചാലയിലെ വ്യവസായിയെ ഓണ്ലൈൻ ട്രേഡിംഗ് പഠിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ പണം തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു.
കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതിനെ തുടർന്ന് വ്യാപാരി ഫോർട്ട് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
കൂടുതൽ പേർ ഇയാളുടെ തട്ടിപ്പിൽ പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് ഫോർട്ട് പോലീസ് പറഞ്ഞു. ഫോർട്ട് എസ്എച്ച്ഒ. ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ. ബൈജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, ലിപിൻരാജ്, പ്രവീണ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പെരിന്തൽമണ്ണയിൽ നിന്നും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.