തൃശൂർ: ഓണ്‍ലൈനിലൂടെ കുറഞ്ഞ പലിശയ്ക്കു വായ്പ സംഘടിപ്പിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘത്തെ തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തു.
ഡൽഹിയിൽ സ്ഥിരതാമസമാക്കിയ മലയാളികളാണ് തട്ടിപ്പിനു പിന്നിൽ. വെസ്റ്റ് ഡൽഹി രഘുബീർ നഗറിൽ താമസിക്കുന്ന വിനയപ്രസാദ് (23), സഹോദരൻ വിവേക് പ്രസാദ് (23), ചേർത്തല പട്ടണക്കാട് വെട്ടിക്കൽ പുറത്താംകുഴി വീട്ടിൽ ഗോകുൽ (25), വെസ്റ്റ് ഡൽഹി രജ്ദീർ നഗറിൽ താമസിക്കുന്ന ജിനേഷ് (25), ചെങ്ങന്നൂർ പെരിങ്ങാല വൃന്ദാവനം വീട്ടിൽ ആദിത്യ (21), കോഴിക്കോട് നെല്ലിക്കോട് സ്വദേശി അഭയ് വാസുദേവ് (21) എന്നിവരെയാണ് തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ എ.എ. അഷ്റഫും സംഘവും അറസ്റ്റ് ചെയ്തത്.
പോലീസ് പറയുന്നത്: ഡൽഹി കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘം പ്രവർത്തിച്ചിരുന്നത്.
ആകർഷകമായ വാഗ്ദാനങ്ങൾ നൽകി, ഡോക്യുമെന്റേഷനോ മറ്റു നൂലാമാലകളോ ഒന്നുമില്ലാതെ കുറഞ്ഞ പലിശയ്ക്കു വായ്പ സംഘടിപ്പിച്ചു നൽകാം എന്ന എസ്എംഎസ് സന്ദേശം പൊതുജനങ്ങൾക്ക് അയയ്ക്കുകയാണ് ആദ്യം ചെയ്യുന്നത്. ബന്ധപ്പെടുന്നതിനായി ഫോണ്‍ നമ്പറും നൽകും.
പ്രശസ്ത ധനകാര്യ സ്ഥാപനങ്ങളോടു സാമ്യമുള്ള പേരിനൊപ്പം നൽകുന്ന ഈ ഫോണിലേക്കു വിളിക്കുന്നവരുടെ ആവശ്യങ്ങൾ മനസിലാക്കി, ഇവരോടു നയത്തിൽ സംസാരിക്കും.
ശേഷം ലോണ്‍ പ്രോസസിംഗ് ഫീസ്, നികുതി, ഡിമാൻഡ് ഡ്രാഫ്റ്റ് ഫീസ്, പണം അക്കൗണ്ടിലേക്ക് അടയ്ക്കുന്നതിനുള്ള ചെറിയ ഫീസ് തുടങ്ങി വിവിധ ആവശ്യങ്ങൾ പറഞ്ഞുകൊണ്ട് ചെറിയ ചെറിയ തുകകളായി തട്ടിപ്പുകാർ പറയുന്ന ബാങ്ക് അക്കൗണ്ടുകളിലേക്കു നിക്ഷേപിപ്പിക്കും.
വിശ്വാസ്യത വരുത്തുന്നതിനായി ലോണ്‍ പാസാക്കിനൽകിയ രസീതുകളും രേഖകളും പണം ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതിന്റെ രസീതും ഇടപാടുകാർക്കു വാട്സ് ആപ്പ് വഴി അയച്ചു കൊടുക്കുകയും ചെയ്യും.
ലോക്ഡൗണ്‍ കാലത്തു ബിസിനസ് മന്ദീഭവിച്ചവരും ജോലികൾ നഷ്ടപ്പെട്ടു വരുമാനം നിലച്ചവരുമായ അത്യാവശ്യക്കാരാണ് തട്ടിപ്പുകാരുടെ വലയിൽ വീണത്.
കുറഞ്ഞ പലിശയ്ക്ക് 10 ലക്ഷം രൂപ ലോണ്‍ നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് തൃശൂർ സ്വദേശിയായ യുവതിയിൽനിന്ന അഞ്ചു ലക്ഷം രൂപ ഈ സംഘം തട്ടിയെടുത്തിരുന്നു.
ഈ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശൂർ സിറ്റി പോലീസ് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.