എടപ്പാൾ: ഓണ്‍ലൈൻ വഴി ചെണ്ട മേളം അഭ്യസിക്കുന്ന പ്രവാസി മലയാളി കുടുംബം ഗുരുവിനെ നേരിൽ കാണാനും അനുഗ്രഹം നേടാനും നാട്ടിലെത്തി. അമേരിക്കയിലെ പോർട്ട്ലാന്റ് ഒറിഗണിൽ ബിസിനസുകാരനും തൃശൂർ പൂവത്തുശേരി സ്വദേശിയുമായ പ്രമോദ്, ഭാര്യ എച്ച്ആർ മാനേജരായ കോട്ടയം കുടമാളൂർ സ്വദേശിനി സിമി, മക്കളായ നിഖിൽ, നിധിൻ, നിധിയ, നിമിത എന്നിവരാണ് മലപ്പുറം ജില്ലയിലെ എടപ്പാൾ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിലെത്തിയത്.
എടപ്പാൾ കണ്ടനകം മുരളി ആശാന്റെയും സ്കൂൾ ഡയറക്ടർ കൂടിയായ സന്തോഷ് ആലംകോടിന്റെയും ശിഷ്യണത്തിലാണ് ഇവർ പഞ്ചാരിമേളം അഭ്യസിച്ചത്. ഇവർ രണ്ടു ദിവസം ഇവിടെ താമസിച്ച ശേഷമേ അമേരിക്കയിലേക്കു തിരിച്ചു പോവുകയുള്ളു. ആശാനെയും വിദ്യാലയത്തെയും നേരിട്ടു കണ്ടു അരങ്ങേറ്റത്തിനുള്ള അവസാന തയാറെടുപ്പ്് പൂർത്തിയാക്കാനാണ് ഇവരെത്തിയത്. അമേരിക്കയിൽ ഇത്തവണ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഓണാഘോഷത്തിലാണ് ഇവരുടെ അരങ്ങേറ്റം.
നാടിന്റെ മഹത്വവും സംസ്കാരവും ചരിത്രവും മനസിലാക്കുന്നതിനോടൊപ്പം കുറഞ്ഞത് ഒരു വാദ്യകലയെങ്കിലും അഭ്യസിക്കുകയും അമേരിക്കയിൽ ജനിച്ചു വളർന്ന തങ്ങളുടെ കുട്ടികൾക്കു കേരള ചരിത്രവും സംസ്കാരവും അടുത്തറിയാനുള്ള അവസരം ഒരുക്കുകയാണ് ഇവരുടെ ലക്ഷ്യം.
പ്രിൻസിപ്പൽ സന്തോഷ് ആണ് ഓണ്‍ലൈനിലൂടെ വാദ്യം പഠിപ്പിക്കാമെന്ന നിർദേശം അറിയിച്ചത്. തുടർന്നു വീഡിയോ കോണ്‍ഫറൻസും വാട്സ് ആപ്പും വീഡിയോ കോളുമെല്ലാം സമന്വയിപ്പിച്ചു നടത്തിയ പഠനം വിജയം കാണുകയായിരുന്നു. ഇവരുടെ പ്രകടനത്തിൽ അതു വ്യക്തമാവുകയും ചെയ്തു. സിമിയുടെ സഹോദരൻ ബിജോ, സുഹൃത്ത് ഫ്രാൻസിസ് എന്നിവരും ഓണ്‍ലൈനിൽ വാദ്യം അഭ്യസിക്കുന്നുണ്ട്.