മൂന്നാർ: ഓണ്‍ലൈൻ ക്ലാസുകൾ മാത്രമായതോടെ മൊബൈൽ റേഞ്ചിന്റെ പരിധിക്കു പുറത്തായ കുട്ടികൾ കിലോമീറ്ററുകൾ നടന്നാണ് ’പരിധിയിൽ’ പ്രവേശിച്ച് പഠനം നടത്തുന്നത്.
ഇരവികുളം നാഷണൽ പാർക്കിനോടു ചേർന്നുള്ള രാജമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ കുട്ടികളാണ് പ്രതിസന്ധി നേരിടുന്നത്.
രാജമല എസ്റ്റേറ്റ് മേഖലയിൽ ഒരു മൊബൈൽ കന്പനിയുടെയും സിഗ്നൽ ലഭിക്കുന്നില്ല. ഇതോടെയാണ് ഓണ്‍ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് കഴിയാതെവന്നത്.
ഏറെ ബുദ്ധിമുട്ടി വാങ്ങിയ സ്മാർട്ട് ഫോണുകൾ കാഴ്ചവസ്തുവായതോടെ കുട്ടികൾ സിഗ്നൽ തേടി ഇറങ്ങുകയായിരുന്നു.
നടന്നുനടന്ന് ഒടുവിൽ ആറു കിലോമീറ്റർ അകലെയുള്ള ഇരവികുളം ദേശീയോദ്യാനത്തിനുള്ളിലെ വിശ്രമകേന്ദ്രത്തിനു സമീപംവരെ എത്തി.
പിന്നെ അവിടെ ഇരുന്നായി പഠനം. വിജനതയും പ്രതികൂല കാലാവസ്ഥയും അവഗണിച്ചാണ് കുട്ടികൾ പഠിക്കാൻ തീരുമാനിച്ചത്.
ഇന്നലെ ഒൗദ്യോഗിക ആവശ്യത്തിനായി രാജമലയിലൂടെ കടന്നുപോയ മൂന്നാർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ടി.എം. സൂഫിയാണ് വഴിയരികിൽ ഇരുന്നു പഠിക്കുന്ന കുട്ടികളെ കണ്ടത്.
കോടമഞ്ഞും തണുപ്പും വകവയ്ക്കാതെ ഇത്രയുംദൂരം നടന്നുവന്നു പഠിക്കുന്ന കുട്ടികളെ അഭിനന്ദിച്ച അദ്ദേഹംതന്നെയാണ് കുട്ടികളുടെ ഈ പരിശ്രമത്തെ പുറംലോകത്തെ അറിയിച്ചത്.