തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ റെഗുലർ ക്ലാസുകൾ ഇതുവരെ ആരംഭിക്കാൻ കഴിയാത്തപ്പോഴും പാഠഭാഗം വെട്ടിക്കുറയ്ക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിൽ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ.
പാഠഭാഗം പൂർത്തീകരിക്കാനായി കൂടുതൽ ക്ലാസുകൾ വിക്ടേഴ്സ് ചാനൽവഴി നടത്തുമെന്നു വിദ്യാഭ്യാസ വകുപ്പ് പറയുന്പോഴും വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഇനി അധ്യയനത്തിനായുള്ളത് വളരെക്കുറച്ച് ദിവസങ്ങൾ മാത്രം.
ഫെബ്രുവരിയിൽ മോഡൽ പരീക്ഷയും മാർച്ചിൽ പൊതുപരീക്ഷകളും നടത്തി മാർച്ച് 31 ന് സ്കൂളുകൾ അടയ്ക്കുകയാണ് പതിവ്.
ആരീതിയിൽ നോക്കിയാൽ വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് വിദ്യാർഥികൾക്ക് അധ്യയനത്തിനായി ഇനി ലഭിക്കുക. പഠിച്ചു തീർക്കാനുള്ള പാഠഭാഗങ്ങൾ വളരെ അധികവും. ഈ സാഹചര്യത്തിലാണ് പാഠഭാഗങ്ങൾ വെട്ടിക്കുറയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുള്ളത്.
ഐസിഎസ്ഇ, ഐഎസ്ഇ സിലബസുകൾ വെട്ടിക്കുറയ്ക്കുന്നതു സംബന്ധിച്ചുള്ള നിലപാടുകൾ നേരത്തേ അതത് ഏജൻസികൾ അറിയിച്ചിരുന്നു.
അതോടെ ആ വിഭാഗത്തിലുള്ള കുട്ടികൾക്ക് ആശ്വാസമായി. എന്നാൽ കേരളാ സിലബസിൽ വെട്ടിക്കുറയ്ക്കൽ ഉണ്ടാവില്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്.
നിലവിൽ കേരളാ സിലബസിലുള്ള വിദ്യാർഥികൾക്ക് വിക്ടേഴ്സ് ചാനൽ വഴിയും ഓണ്ലൈൻ ആയുമുളള പഠനരീതിയാണ് ലഭിക്കുന്നത്.
അധ്യയനവർഷത്തിന്റെ രണ്ടാം പാദം പിന്നിടാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പ്ലസ് ടു വിഭാഗത്തിന്റെ പാഠഭാഗമാണ് ഏറെ പൂർത്തീകരിക്കാനുള്ളത്. സയൻസ്, ആർട്സ് ,കൊമേഴ്സ് വിഭാഗങ്ങളിലെല്ലാം സ്ഥിതി വ്യത്യസ്തമല്ല.
40 ശതമാനത്തോളം ഭാഗം പഠിപ്പിച്ചതായാണ് വിദ്യാഭ്യാസ വകുപ്പ് സൂചിപ്പിക്കുന്നത്. കൂടുതൽ ക്ലാസുകൾ വിക്ടേഴ്സ് ചാനലിലൂടെ നടത്തി ജനുവരിയോടെ പാഠഭാഗങ്ങൾ പൂർത്തീകരിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്.
പ്ലസ് ടു സയൻസ് ബാച്ചിൽ കെമിസ്ട്രിയിൽ ആകെയുള്ള 16 പാഠഭാഗങ്ങളിൽ ഇപ്പോൾ അഞ്ചാം ഭാഗമാണ് പഠിപ്പിക്കുന്നത്. സുവോളജി എട്ടു ചാപ്റ്ററാണുള്ളത്. ഡിസംബർ മാസം ആയപ്പോൾ മൂന്നാം പാഠഭാഗംവരെ എത്തിയതേയുള്ളു.
ഹിന്ദി നാലു യൂണിറ്റുകളിലായി 15 ചാപ്റ്ററുകൾ ഉള്ളതിൽ ആറാം ചാപ്റ്റർ പഠനം പൂർത്തിയായി. ഇംഗ്ലീഷ് 16 ചാപ്റ്ററിൽ ഏഴെണ്ണമാണ് ഇതുവരെ പൂർത്തീകരിച്ചത്.
അക്കൗണ്ടൻസി ആകെ 11 പാഠഭാഗങ്ങൾ ഉള്ളതിൽ ഇപ്പോൾ വിക്ടേഴ്സ് ചാനൽ വഴി പഠിപ്പിക്കുന്നത് മൂന്നാം ചാപ്റ്ററാണ്. ജിയോളജിയുടെ കാര്യത്തിലാണ് ഏറെ ദയനീയാവസ്ഥ. ഒന്നാം ചാപ്റ്ററാണ് ഇപ്പോൾ പഠിപ്പിക്കുന്നത്.
പ്ലസ് ടു ക്ലാസുകളെ അപേക്ഷിച്ച് പത്താം ക്ലാസിലെ കാര്യം അല്പം മെച്ചമാണ്. പത്താം ക്ലാസിലെ മലയാളം ഒന്നാം പേപ്പറിന് ആകെയുള്ളത് അഞ്ചു യൂണിറ്റാണ്. ഇതിൽ രണ്ടു യൂണിറ്റ് പൂർത്തീകരിച്ചു.
ഫിസിക്സ് ഏഴിൽ മൂന്നു യൂണിറ്റും മാത്തമാറ്റിക്സ് 16 ൽ ആറു യൂണിറ്റുമാണ് പഠിപ്പിച്ചു കഴിഞ്ഞത്. സോഷ്യൽ സയൻസ് 14ൽ ആറും ഐടിയിൽ 10-ൽ അഞ്ചു യൂണിറ്റുമാണ് പൂർത്തിയാക്കിയത്.
ജനുവരിയിൽ പാഠഭാഗങ്ങൾ പൂർത്തീകരിച്ചാൽ മാത്രമേ ഫെബ്രുവരി രണ്ടാം ആഴ്ചയോടെ മോഡൽ പരീക്ഷകളും മാർച്ച് രണ്ടാം വാരം പൊതു പരീക്ഷകളും നടത്താൻ കഴിയൂ.
10, പ്ലസ്ടു ക്ലാസുകൾ ജൂണിൽ ആരംഭിച്ച് നവംബർ പിന്നിട്ടപ്പോൾ ആകെയുള്ള പാഠഭാഗത്തിന്റെ മൂന്നിലൊന്നു മാത്രമാണ് പൂർത്തീകരിക്കാൻ സാധിച്ചിട്ടുള്ളത്.
സയൻസ് വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രാക്ടിക്കൽ പരീക്ഷകൾ, റിക്കാർഡ് തയാറാക്കൽ തുടങ്ങിയവയും ചെയ്യാനുണ്ട്.
കുറഞ്ഞ ദിവസത്തിനുള്ളിൽ ബാക്കി പാഠഭാഗങ്ങൾ എങ്ങനെ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും മുന്നോട്ടുവയ്ക്കുന്ന ചോദ്യം.