ലണ്ടൻ: ഓൺലൈനിൽ ഓർഡർ ചെയ്യുന്ന സാധനത്തിനു പകരം മറ്റൊന്നു ലഭിക്കുന്നത് അത്ര പുതുമയുള്ള സംഭവമല്ല. അത് പിന്നീട് മാറ്റിനൽകുകയോ അല്ലെങ്കിൽ പണം തിരികെ നൽകുകയോ ചെയ്യും. എന്നാൽ, ഓർഡർ ചെയ്ത സാധനത്തിനു പകരം അറപ്പുളവാക്കുന്ന സാധനങ്ങൾ ലഭിച്ചാലോ. അത്തരമൊരു മോശം സംഭവം കഴിഞ്ഞദിവസം ലണ്ടനിൽ സംഭവിച്ചു.
ഇംഗ്ലണ്ടിലെ ബ്ലാക്ക്ബേണിൽ താമസക്കാരനായ ഫിൽ സ്മിത്ത് എന്ന 59കാരനാണ് ഓൺലൈൻ കന്പനിയിൽനിന്നു മോശം അനുഭവമുണ്ടായത്. 186 ഡോളറിനുള്ള (ഏകദേശം 15,500 രൂപ) പലചരക്കുസാധനങ്ങൾ സ്മിത്ത് ഓർഡർ ചെയ്തു. പാഴ്സൽ വന്നത് തുറന്നുനോക്കിയപ്പോൾ കണ്ടതോ മനുഷ്യവിസർജ്യം. സംഭവത്തിൽ ഓൺലൈൻ ഡെലിവറി കന്പനി മാപ്പ് പറഞ്ഞെങ്കിലും സ്മിത്ത് ഹെൽത്ത് ഇൻസ്പെക്ടറെ സമീപിച്ച് പരാതി നൽകിയിരിക്കുകയാണ്.
ഈവർഷം ആദ്യം സോഷ്യൽ മീഡിയയിൽ മറ്റൊരു സംഭവം വ്യാപകമായി പ്രചരിച്ചിരുന്നു. മിൽക്ക് ഷേക്ക് ഓർഡർ ചെയ്ത ഉപഭോക്താവിനു കിട്ടിയത് ഒരു ബോട്ടിൽ മൂത്രമായിരുന്നു. യുഎസിലായിരുന്നു ഈ സംഭവം. പരാതിയുമായി എത്തിയപ്പോൾ തെറ്റുപറ്റിയെന്നും ബോട്ടിൽ മാറിപ്പോയതാണെന്നും ഡെലിവറി പാർട്ണർ പറഞ്ഞു.
അത്യാവശ്യ സന്ദർഭങ്ങളിൽ ഡെലിവറി പാർട്ണർമാർ മൂത്രമൊഴിക്കാൻ ഒരു കപ്പ് വാഹനത്തിൽ കരുതാറുണ്ടെന്നും മിൽക്ക് ഷേക്കിനു പകരം അതാണ് കൈമാറിയതെന്നുമുള്ള വിചിത്രവാദവും കന്പനി അധികൃതർ നിരത്തി.