എറിയാട്: ലോക്കായ പരീക്ഷാകാലം പരീക്ഷകളിലൂടെ തന്നെ ആസ്വാദ്യകരമാക്കുകയാണ് എറിയാട് കേരളവർമ ഹയർ സെക്കൻഡറി സൂളിലെ എസ്എസ്എൽസി വിദ്യാർഥികൾ. ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നീ മൂന്നു പരീക്ഷകളാണ് ഓണ്‍ലൈനായി നടന്നുകൊണ്ടിരിക്കുന്നത്.
ദിവസവും ഒരു വിഷയത്തെ ആസ്പദമാക്കി രണ്ടുസെറ്റ് ചോദ്യപേപ്പർ രാവിലെ 10 നു പ്രത്യേകം ഉണ്ടാക്കിയ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ കുട്ടികൾക്കു നൽകും. രാത്രി ഏഴിനുള്ളിൽ പരീക്ഷയെഴുതിയാൽ മതി.
തുടർന്ന് ഉത്തരസൂചിക നൽകുകയും കുട്ടികൾ സ്വയം തങ്ങളുടെ ഉത്തരങ്ങൾ വിശകലനം ചെയ്യുകയും തുടർന്ന് അധ്യാപകർ വിലയിരുത്തലുകൾ നടത്തുകയും ചെയ്യും.
സമഗ്ര ഉൾപ്പടെയുള്ള വിദ്യാഭ്യാസ സൈറ്റുകളിലെ വീഡിയോകൾ, ഒാഡിയോകൾ എന്നിവയും സംശയ ദൂരീകരണത്തിനായി വിദ്യാർഥികൾക്കു നൽകുന്നുണ്ട്.
എസ്എസ്എൽസി പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർഥികളുടേയും ക്ഷേമവിവരങ്ങൾ അന്വേഷിക്കുകയും അവർക്കു മാനസിക പിന്തുണയും അധ്യാപകർ നൽകുന്നുണ്ട്.
ഒരു മാസം പിന്നിട്ട ഈ പ്രവർത്തനങ്ങളിലൂടെ എല്ലാ അധ്യായങ്ങളുടേയും പരീക്ഷ ഒരുവട്ടം പൂർത്തിയായിക്കഴിഞ്ഞു. പ്രധാനധ്യാപകൻ പി.സക്കീർ ഹുസൈൻ, പി.ടി മുരളീധരൻ ,ക്ലാസ് അധ്യാപകർ എന്നിവർ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകി വരുന്നു.