അമ്പലപ്പുഴ: ഓൺലൈൻ തട്ടിപ്പിലൂടെ അമ്പലപ്പുഴ കാക്കാഴം സ്വദേശിയുടെ പണം നഷ്ടമായി. അമ്പലപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 31 നാണ് കേസിനാസ്പദമായ സംഭവം. കാക്കാഴം സ്വദേശിയായ മെഡിക്കൽ വിദ്യാർഥിയാണ് തട്ടിപ്പിനിരയായത്.
വാട്ട്സാപ്പിൽ സന്ദേശം വന്നതിനെത്തുടർന്ന് ബി-ക്ലസ്റ്റർ 2205 എന്ന ടെലഗ്രാം ലിങ്കിൽ ജോയിൻ ചെയ്യുകയായിരുന്നു. വിവിധ കമ്പനികളയും ഹോട്ടലുകളെയും റിവ്യൂ ചെയ്യണമെന്നും 22 എണ്ണം ഇത്തരത്തിൽ ചെയ്യണമെന്നും ഇതിൽ നാലെണ്ണം സൗജന്യമായും അഞ്ചാമത്തേതിന് ആയിരം രൂപ നൽകണമെന്നും ആവശ്യപ്പെട്ടതു പ്രകാരം വിദ്യാർഥി പണം നൽകി. പിന്നീട് ഇത്തരത്തിൽ 33,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
തുടർന്ന് കൂടുതൽ തുക ആവശ്യപ്പെടുകയും അത് നൽകിയില്ലെങ്കിൽ നേരത്ത അടച്ച പണം നഷ്ടമാകുമെന്ന് തട്ടിപ്പ് സംഘം അറിയിച്ചതോടെയാണ് വിദ്യാർഥി കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത് തുടർന്നാണ് അമ്പലപ്പുഴ പോലീസിൽ പരാതി നൽകുന്നത്.
ജാർഖണ്ഡ്, റായ്പുർ, ഗുജറാത്ത്, അഹമ്മദാബാദ് തുടങ്ങിയ സംസ്ഥാനങ്ങളിലെ അക്കൗണ്ടു കളിലേക്കാണ് പണം പോയതെന്ന് അന്വേഷണത്തിൽ വെളിവായതായി അമ്പലപ്പുഴ ഇൻസ്പെക്ടർ എസ്. ദ്വിജേഷ് അറിയിച്ചു.