ചേര്‍ത്തല: ഓഹരിവിപണിയില്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതിമാരില്‍ നിന്നു 7.65 കോടി തട്ടിയ സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍.
കോഴിക്കോട് ഓമശേരി പുത്തൂര്‍ ഉള്ളാട്ടന്‍പ്രായില്‍ പ്രവീഷ് (35), കോഴിക്കോട് കൊടുവള്ളി കെടേകുന്നുമ്മേല് കുന്നമ്മേല്‍ വീട്ടില്‍ മുഹമ്മദ് അനസ് (25), കോഴിക്കോട് കോര്പറേഷന് ചേവായൂര്‍ ഈസ്റ്റ്വാലി അപ്പാര്‍ട്ട്മെന്റ് അബ്ദുള്‍സമദ് (39) എന്നിവരെയാണ് ചേര്‍ത്തല സ്റ്റേഷന് ഇന്‍സ്പക്ടര്‍ ജി. പ്രൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്നു 20 ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്.
ചേര്‍ത്തല സ്വദേശിയും ആലപ്പുഴ മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗം മേധാവിയുമായ ഡോ. വിനയകുമാറിന്റെയും ഭാര്യ ഡോ. ഐഷയുടെയും പണവുമാണ് നഷ്ടമായത്. ഇന്‍വെസ്കോ, കാപിറ്റല്‍, ഗോള്ഡിമാന്സ് സാക്സ് തുടങ്ങിയ കമ്പനികളുടെ അധികാരികളെന്ന് പറഞ്ഞ് വ്യാജരേഖകള്‍ കാണിച്ച് തെറ്റിധരിപ്പിച്ചും ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തുമാണ് ഡോക്ടര്‍ ദമ്പതിമാരെ തട്ടിപ്പു സംഘം കുടുക്കിയത്.
പണം തട്ടുന്നതിനുവേണ്ടി ഡോക്ടര്‍ക്ക് വാട്സാപ്പ് വഴി ലിങ്ക് അയച്ചുനല്‍കി ഗ്രൂപ്പില്‍ ചേര്‍ത്തുകൊണ്ടാണ് നിക്ഷേപവും ലാഭവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയിരുന്നത്.
ഡോക്ടർ ദമ്പതിമാരുടെ നിക്ഷേപം കൂടിയതോടെ ലാഭവും ചേർത്ത് 39.72 കോടി നൽകാമെന്നും ദമ്പതിമാരുടെ ഇന്റേണൽ ഇക്വിറ്റി അക്കൗണ്ടിൽ പണം ഉണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് വ്യാജ രേഖകളും അയച്ചുനൽകി. എന്നാൽ 7.65 കോടി നൽകിയതിൽ 15 കോടി ആക്കി ഉയർത്തിയാൽ മാത്രമെ നിങ്ങൾക്ക് മുഴുവനും പണം ലഭിക്കുകയുള്ളു എന്നുപറഞ്ഞപ്പോഴാണ് ഡോക്ടര്‍ ദമ്പതികള്‍ക്ക് ഇത് തട്ടിപ്പാണെന്ന് മനസിലായത്.
ഇതേത്തുടര്‍ന്ന് ഡോക്ടര്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു. ഡോക്ടറുടെ അക്കൗണ്ടില്‍നിന്നു പണം സ്വീകരിച്ചിട്ടുള്ള അക്കൗണ്ടുകളുടെ ഉറവിടം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കോഴിക്കോട് സ്വദേശികളായ ഇവരെ പിടികൂടിയത്.
സംഭവവുമായി നേരിട്ടു ബന്ധമുള്ള മലയാളികളായ രണ്ടു സ്ത്രീകളടക്കം നാലുപേര്‍ പോലീസ് വലയിലാണ്. ഇവരെ ഏതുസമയവും അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.
സംഘത്തിലെ പ്രധാനികളെക്കുറിച്ചടക്കം പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഝാർഖണ്ഡ്, ഗുജറാത്ത്, ഛത്തീസ്ഗഡ് കേന്ദ്രീകരിച്ചാണ് തട്ടിപ്പു നടന്നിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടണ്ട്. 7.65 കോടിയുടെ തട്ടിപ്പ് സംസ്ഥാനത്തുതന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പെന്നാണ് പോലീസിന്റെ നിലപാട്.
പിടിയിലായവര്‍ തട്ടിപ്പുമായി നേരിട്ടുബന്ധമുളളവരാണെന്നും കൂടുതല്‍ പേര് വൈകാതെ പിടിയിലാകുമെന്നും ചേര്‍ത്തല ഡിവൈഎസ്പി എസ്. ഷാജി, പോലീസ് ഇന്‍സ്പക്ടര്‍ ജി. പ്രൈജു എന്നിവര്‍ പറഞ്ഞു.