കൊച്ചി: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിലൂടെ ലക്ഷങ്ങള്‍ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി കാര്‍ത്തിക് നീലകാന്ത് ജാനി സ്ഥിരം തട്ടിപ്പുകാരനെന്ന് പോലീസ്. ഇയാള്‍ക്കെതിരേ സമാന കുറ്റകൃത്യത്തിന് മുംബൈയില്‍ നാല് കേസുകള്‍ നിലവിലുണ്ട്.
വിവിധ കേസുകളിലായി താനെ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് കറുകുറ്റി സ്വദേശിയില്‍ നിന്ന് 56,05,000 രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായത്. ദുബായില്‍ സ്ഥിരം താമസമാക്കി ഗുജറാത്തുകാരനായ പ്രതി ലാഭം വാഗ്ദാനം ചെയ്താണ് മുഴുവന്‍ ആളുകളിൽനിന്നും പണം കൈക്കലാക്കിയിട്ടുള്ളത്. വാട്സ്ആപ്പ് ചാറ്റിലൂടെയായിരുന്നു തട്ടിപ്പ്.
നിക്ഷേപത്തിന് ഒണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിലൂടെ വന്‍ ലാഭമാണ് വാഗ്ദാനം. വാട്സ് ആപ്പ് വഴി ചാറ്റ് ചെയ്താണ് ഇരകളുമായി ബന്ധം സ്ഥാപിക്കുന്നത്. തുടര്‍ന്ന് ഇവര്‍ക്ക് അയച്ചുകൊടുത്ത ലിങ്കിലൂടെ വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിക്കുന്നു. ഓരോ തവണയും നിക്ഷേപവും ലാഭവും വര്‍ധിക്കുമെന്നാണ് ഓഫര്‍. തുടക്കത്തില്‍ ചെറിയ തുകകള്‍ നിക്ഷേപിക്കാനാണ് ആവശ്യപ്പെടുന്നത്.
ഇതിന് കൃത്യമായി ലാഭവിഹിതം നല്കി. പല അക്കൗണ്ടുകള്‍ വഴിയാണ് ലാഭമെന്ന പേരില്‍ പണം കൈമാറിയിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പണം നിക്ഷപിക്കുന്നവര്‍ക്ക് വിശ്വാസം വന്നു എന്നുറപ്പ് വരുത്തിയ ശേഷം വന്‍ തുക നിക്ഷേപിക്കാനാവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ രീതി.
നിക്ഷേപ തുകയും, കോടികളുടെ ലാഭവും ആപ്പില്‍ കാണാനാകുമെങ്കിലും പിന്‍വലിക്കാനാകില്ല. കുറുകുറ്റി സ്വദേശി ഇത്തരണത്തില്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചതോടെ ലക്ഷങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. പ്രതിക്കെതിരേ നിലവില്‍ മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പോലീസ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്.