വൈപ്പിൻ: ഓൺ ലൈൻ വിവാഹ പരസ്യം നൽകി സ്ത്രീകളെ ഉപയോഗിച്ച് പണം പിടുങ്ങുന്ന സംഘത്തിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി റിമാൻഡിൽ. മലപ്പുറം വേങ്ങര വൈദ്യർ വീട്ടിൽ മുജീബ് റഹ്മാൻ (45) ആണ് റിമാൻഡിലായത്. സംഘം നൽകിയ വിവാഹ പരസ്യം കണ്ട് ബന്ധപ്പെട്ട എടവനക്കാട് സ്വദേശിയാണ് തട്ടിപ്പിനിരയായത്. 40 ലക്ഷം രൂപയാണ് സംഘം കവർന്നത്. ഇതിൽ പണം പോയ വഴിനോക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശി അറസ്റ്റിലായത്.
വിവാഹ പരസ്യം കണ്ട് യുവാവ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഒരു യുവതിയാണ് മറുതലക്കൽ സംസാരിച്ചതത്രേ. പേര് ശ്രുതി എന്നാണെന്നും ബംഗളൂരിൽ സെറ്റിൽ ചെയ്തിരിക്കുകയാണെന്നും യുകെയിൽ ജോലി ചെയ്യുകയാണെന്നും യുവതി അറിയിച്ചു. ഇങ്ങിനെ യുവാവുമായി സൗഹൃദം സ്ഥാപിച്ച യുവതി വിവാഹ വാഗ്ദാനവും നൽകി വിശ്വാസം ആർജിച്ചു. തുടർന്ന് ക്രിപ്റ്റോ കറൻസി ട്രേഡിംഗ് ലാഭകരമാണെന്ന് യുവാവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. കുകൊയിൻ ആപ്പ് (Kucoin App), ഡ്യൂൺ കോയിൻ ആപ്പ് എന്നിവ യുവാവിനെക്കൊണ്ട് ഡൗൺലോഡ് ചെയ്യിപ്പിച്ചു.
തുടർന്ന് 2023 ഒക്ടോബർ മുതൽ 2024 ഫെബ്രുവരി വരെയുള്ള പല ദിവസങ്ങളിലായി കുകൊയിൻ സെല്ലർമാരിൽനിന്ന് യുവാവിന്റെ ഫെഡറൽ ബാങ്കിലെ അക്കൗണ്ടിലുണ്ടായിരുന്ന 7,44,000 രൂപ കൊണ്ട് ക്രിപ്റ്റോ കറൻസി വാങ്ങിപ്പിച്ച് ഡ്യൂൺകൊയിൻ ട്രെഡിംഗ് ആപ്പിൽ നിക്ഷേപിപ്പിക്കുകയായിരുന്നു. പിന്നീട് കസ്റ്റമർ കെയർ മുഖാന്തിരം യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പല ദിവസങ്ങളിലായി വിവിധ അക്കൗണ്ടുകളിലേക്ക് 32,93,306 രൂപ അയപ്പിച്ച് പണം തട്ടിയെടുക്കുകയും ചെയ്തു. തട്ടിപ്പ് മനസിലായതോടെയാണ് യുവാവ് പരാതി നൽകിയതും പോലീസ് അന്വേഷണം നടത്തി തട്ടിപ്പ് സംഘത്തിലെ ഒരു കണ്ണിയെ അറസ്റ്റ് ചെയ്തതും. അന്വേഷണ സംഘത്തിൽ ഞാറക്കൽ സിഐ സുനിൽ തോമസ്, എസ്ഐ അഖിൽ വിജയകുമാർ, എഎസ്ഐ ആന്റണി ജെയ്സൻഎന്നിവരാണ് ഉണ്ടായിരുന്നത്.