അലക്സ് ചാക്കോ
ആളനക്കമില്ലാത്ത ഗാലറികൾ, കാടുപിടിച്ചുപോയ കളിക്കളങ്ങൾ… കോവിഡ് പിടിമുറക്കിയതോടെ, വന്പൻ സ്റ്റേഡിയങ്ങളുടെയും നാട്ടിൻപുറങ്ങളിലെ കളിമൈതാനങ്ങളുടെയുമെല്ലാം സ്ഥിതി ഇതാണ്.
പക്ഷേ വൈറസിനെപ്പേടിച്ച് ആരും കളിവിനോദങ്ങൾ പൂർണമായി നിർത്തിയിട്ടൊന്നുമില്ല കേട്ടോ. കളി പുതിയ തട്ടകത്തിലാക്കിയെന്നു മാത്രം. വൈറസ് വ്യാപനത്തോടെ രാജ്യത്ത് കരുത്താർജിച്ച ഡിജിറ്റൽ ഗെയിമിംഗിലൂടെ…
ഉർവശീ ശാപം…
ഒട്ടുമിക്ക ബിസിനസ് രംഗങ്ങളും കോവിഡിനെ വന്പൻ പ്രതിസന്ധിയായി കണ്ടപ്പോൾ ഡിജിറ്റൽ ഗെയിമിംഗിന്റെ പിന്നണിക്കാർ അതിനെ കണ്ടത് വലിയ അവസരമായാണ്, ഉയരാനും വളരാനും പറ്റിയ നല്ല അവസരമായി.
പിന്നെ ഒട്ടും വൈകിയില്ല, ഗെയിമിംഗ് കന്പനികൾ പ്രചാരണങ്ങളും പരസ്യങ്ങളുമാരംഭിച്ചു. ബോറടിമാറ്റാൻ വഴിതേടിനടന്ന പലർക്കും അങ്ങനെ ഡിജിറ്റൽ ഗെയിമിംഗ് വലിയ ആശ്വാസവും ആശ്രയവുമായി. ഒറ്റയാൻ കളികളിൽനിന്ന് സമൂഹമാധ്യമങ്ങളെ ബന്ധിപ്പിച്ചുള്ള ഗ്രൂപ്പ് പ്ലേയിംഗിനും കന്പനികൾ അവസരം തുറന്നതോടെ കളി വേറെ ലെവലുമായി.
വളരുന്ന സാധ്യതകൾ
വിവിധ വിശകലന ഏജൻസികളുടെ ജൂണ്‍ വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 400 ഗെയിമിംഗ് കന്പനികളും 30 കോടി കളിക്കാരുമാണുള്ളത്. ഇവയെല്ലാം ചേർന്നുള്ള വിപണി ഏകദേശം 100 കോടി ഡോളറിനടുത്തുവരുന്നു. പ്രതിവർഷം 41 ശതമാനമാണ് ഈ മേഖലയുടെ വളർച്ച. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഡിജിറ്റൽ ഗെയി
മിംഗിലൂടെ രാജ്യത്ത് 20 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.
നിക്ഷേപം വരുന്ന വഴി
ഇന്ത്യയിലെ പല ഗെയിമിംഗ് കന്പനികൾക്കും ഇതിനോടകംതന്നെ വലിയ തോതിൽ വിദേശനിക്ഷേപം ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചൈനീസ് വന്പൻ ടെൻസെന്റ് ഇന്ത്യൻ ഗെയിമിംഗ് കന്പനിയായ ഡ്രീം 11ൽ 10 കോടി യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു .
മറ്റൊരു ഇന്ത്യൻ കന്പനിയായ എയ്സ് 2 ത്രീ, കനേഡിയൻ കന്പനിയായ ക്ലെയർവെസ്റ്റ് ഗ്രൂപ്പിൽനിന്ന് 7.5 കോടി യുഎസ് ഡോളറിന്റെ നിക്ഷേപമാണ് സ്വന്തമാക്കിയത്. മൊബൈൽ പ്രീമിയർ ലീഗ്, ഒക്ട്രോ, മൂണ്ഫ്രോഗ്, ആർഹിയോ ടിവി തുടങ്ങിയ കന്പനികളിലും വിദേശ നിക്ഷേപമുണ്ട്.
കാശുവച്ച് കളി
ഡിജിറ്റൽ പേമെന്റ് രംഗം രാജ്യത്ത് വളർച്ചനേടിയതോടെ റിയൽ മണി ഗെയിമുകൾക്കു(ആർഎംജി) വലിയ പ്രചാരമാണുണ്ടായിരിക്കുന്നത്. ഒരു ഉദാഹരണം; രണ്ടു പേർ പങ്കെടുക്കുന്ന ചെസ് കളിയിൽ ഇരുവരും 10 രൂപ വീതം മുട ക്കണം. കളിയിൽ ജയിക്കുന്ന ആൾക്കു 18 രൂപ സ്വന്തമാക്കാം. മിച്ചമുള്ള രണ്ടു രൂപ ഗെയിമിംഗ് കന്പനിക്കും സ്വന്തമാക്കാം. ഇതാണ് ആർഎംജി ഗെയിമുകളിലെ രീതി.
ഗെയിമിലെ കഥാപാത്രങ്ങൾക്കും സൗകര്യങ്ങൾക്കും വേണ്ടി പണം നൽകാൻ അനുമതിയുള്ള ഗെയിമുകളുമുണ്ട്. ഗെയിമിലെ നായകന് ഇഷ്ട നിറത്തിലുള്ള കുർത്തയും പൈജാമയും മേടിച്ചുകൊടുത്ത് കളി ആസ്വദിക്കുന്നവർ ഒരുപാടാണ്.
ജാഗ്രത വേണം
ഓൺലൈൻ റമ്മിപോലുള്ള ഗെയിമുകൾ വലിയ വിപത്തായി മാറുന്നതായി വിമർശനമുയരുന്നുണ്ട്. ഇതിലെ പണം കൈമാറ്റത്തിലും മറ്റും സുതാര്യതയില്ലെന്നും തട്ടിപ്പുകളുണ്ടെന്നുമാണ് ആക്ഷേപം.
പണം വച്ചുള്ള ഓണ്‍ലൈൻ ഗെയിമുകൾ നിരോധിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിയമനിർമാണം നടത്തണമെന്ന് ഇന്നലെ മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെടിരുന്നു.
ഓണ്‍ലൈൻ റമ്മി പോലുള്ള കാർഡ്ഗെയിമുകൾ വലിയ സാമൂഹ്യ പ്രശ്നങ്ങളാണുണ്ടാക്കുന്നതെന്നും യുവാക്കളിൽ പലർക്കും പണം നഷ്ടപ്പെടുന്നുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അടുത്തിടെ തെലുങ്കാന സർക്കാർ സംസ്ഥാനത്ത് ഓണ്‍ലൈൻ റമ്മി നിയമഭേദഗതിയിലൂടെ നിരോധിച്ചിരുന്നു.