കൊച്ചി: രക്ഷിതാക്കളുടെ ശ്രദ്ധയും പരിചരണവും ലഭിക്കാത്തതാണു കുട്ടികൾ ഓണ്‍ലൈൻ ഗെയിമുകൾക്ക് അടിമയാകാനുള്ള കാരണങ്ങളിലൊന്നെന്നു ഹൈക്കോടതി നിരീക്ഷിച്ചു. ഓണ്‍ലൈൻ ഗെയിമുകൾക്ക് അടിമയായതു മൂലം ക്ലാസിൽ ഹാജർ കുറഞ്ഞ വിദ്യാർഥിയെ പരീക്ഷയെഴുതിക്കില്ലെന്ന സിബിഎസ്ഇ നിലപാട് തെറ്റാണെന്നു വിലയിരുത്തി ഈ കുട്ടിയെ പ്ലസ് ടു പരീക്ഷ എഴുതിക്കാൻ നിർദേശിച്ചാണു ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.
തൃശൂർ പുറനാട്ടുകര സ്വദേശിയായ കുട്ടിക്കു ഹാജർ കുറഞ്ഞതിനെത്തുടർന്നു പരീക്ഷയെഴുതാനാവാത്ത സ്ഥിതിയുണ്ടായി. ഇതിനെതിരേ വിദ്യാർഥി രക്ഷിതാവ് മുഖേന നൽകിയ ഹർജിയാണു സിംഗിൾ ബെഞ്ച് പരിഗണിച്ചത്. ഓണ്‍ലൈൻ ഗെയിമുകളിൽനിന്നു സന്തോഷവും ആശ്വാസവും ലഭിക്കുന്നതിനാലാണു കുട്ടികൾ ഇതിലേക്കു തിരിയുന്നതെന്നു ഹൈക്കോടതി നിരീക്ഷിച്ചു.
പത്താം ക്ലാസിൽ ഉയർന്ന മാർക്കു നേടിയ മിടുക്കനായ കുട്ടിയാണു ഹർജിക്കാരൻ. പ്ലസ് ടുവിനു ചേർന്നെങ്കിലും ഓണ്‍ലൈൻ ഗെയിമുകൾക്ക് അടിമയായതോടെ ക്ലാസിൽ ഹാജരാകാത്ത സ്ഥിതിയായി. മാതാപിതാക്കൾ ഏറെ ബുദ്ധിമുട്ടിയാണു കുട്ടിയെ ഓണ്‍ലൈൻ ഗെയിമുകളുടെ പിടിയിൽനിന്നു മോചിപ്പിച്ചത്. ഹർജിക്കാരനു ശാരീരിക, മാനസിക പ്രശ്നങ്ങളില്ലെന്നു മനഃശാസ്ത്രജ്ഞൻ റിപ്പോർട്ടും നൽകി. മതിയായ ഹാജരില്ലെങ്കിലും പ്രത്യേക കേസായി പരിഗണിച്ചു കുട്ടിയെ പരീക്ഷ എഴുതിക്കാമെന്നു സ്കൂൾ അധികൃതർ അറിയിച്ചെങ്കിലും ചട്ടപ്രകാരം ഇതനുവദിക്കാനാവില്ലെന്നു സിബിഎസ്ഇ വ്യക്തമാക്കി. ചട്ടങ്ങളേക്കാൾ കുട്ടിയുടെ താത്പര്യമാണു കോടതിക്കു പ്രധാനമെന്നു വിലയിരുത്തിയാണു ഹൈക്കോടതി പരീക്ഷയെഴുതിക്കാൻ അനുമതി നൽകിയത്.
രക്ഷിതാക്കളുടെ പരിചരണം ലഭിക്കാത്തതാണ് ഇത്തരം ഗെയിമുകളിൽ കുട്ടികൾ അഭയം തോടൻ കാരണമെന്നും മാതാപിതാക്കൾക്കു തെറ്റു മനസിലായിട്ടുണ്ടാവുമെന്നു കരുതുന്നതായും ഹൈക്കോടതി പറഞ്ഞു.