കൊച്ചി: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. സിനിമയുമായി ബന്ധപ്പെട്ട പരിപാടികള്‍ കവര്‍ ചെയ്യുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന് നിര്‍ബന്ധമാക്കുന്നതിനായി ഫെഫ്കയ്ക്ക് കത്ത് നൽകി.
ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പെരുമാറ്റം അതിരുവിടുന്നു എന്ന വിലയിരുത്തലിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അക്രെഡിറ്റേഷന്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്.
അഭിനേതാക്കളോട് മോശമായ രീതിയിൽ ചോദ്യങ്ങൾ ചോദിക്കുന്നതും സ്ത്രീകളോട് മോശം ചോദ്യങ്ങള്‍ ചോദിക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, മരണ വീട്ടിൽ പോലും കാമറകളുമായി പിന്തുടരുന്ന ഓൺലൈൻ മാധ്യമങ്ങളുടെ രീതി നിര്‍മാതാക്കള്‍ വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടി.
അക്രഡിറ്റേഷനുവേണ്ടി കേന്ദ്രസർക്കാറിന്റെ ഉദ്യം പോർട്ടലിൽ ഓൺലൈൻ മാധ്യമങ്ങൾ രജിസ്റ്റർ ചെയ്തിരിക്കണമെന്ന നിബന്ധനയും കത്തിൽ പറയുന്നുണ്ട്. ഫെഫ്ക അംഗീകൃത പിആർഒയുടെ കത്ത് ഹാജരാക്കുന്നവർക്ക് മാത്രമേ സിനിമയുമായി ബന്ധപ്പെട്ട പരിപാടികൾ ചിത്രീകരിക്കുന്നതിന് അനുമതിയുള്ള എന്നും പറയുന്നു.