സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈൻ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. 1960 ലെ കേരള ഗെയിമിംഗ് ആക്ടിൽ ഭേദഗതി വരുത്തിയാണ് ഓണ്‍ലൈൻ റമ്മിക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചത്.
1976ൽ നിയമത്തിൽ വരുത്തിയ ഭേദഗതി പ്രകാരം, ആക്ടിന്റെ 14-എ വകുപ്പ് അനുസരിച്ച് ചൂതാട്ടമല്ലാത്ത, വൈദഗ്ധ്യത്തിന് കൂടുതൽ പ്രാധാന്യമുള്ള റമ്മി കളിയെ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിരുന്നു.
പുതിയ വിജ്ഞാപനം 14-എയിൽ, ഇളവ് നൽകിയിരിക്കുന്ന കളികളുടെ പട്ടികയിൽ”പണം വച്ചുള്ള ഓണ്‍ലൈൻ റമ്മി ഒഴികെ’ എന്ന് പുതുതായി കൂട്ടിച്ചേർത്തുകൊണ്ടാണ് ഓണ്‍ലൈൻ റമ്മിക്ക് നിരോധനമേർപ്പെടുത്തിയത്.
നേരത്തേ ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളും സമാന രീതിയിൽ ഓണ്‍ലൈൻ റമ്മിക്ക് നിയമപരമായ നിരോധനം ഏർപ്പെടുത്തിയിരുന്നു.
കേരളത്തിൽ നിലവിലുള്ള നിയമമനുസരിച്ച് പരസ്യമായി പണം വച്ചുള്ള ചീട്ടുകളിക്കെതിരേ പോലീസിന് നിയമനടപടി സ്വീകരിക്കാൻ കഴിയും.
എന്നാൽ, അടുത്ത കാലത്ത് രംഗപ്രവേശം ചെയ്ത ഓണ്‍ലൈൻ റമ്മി കളി ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെട്ടിരുന്നില്ല.
ഈ പഴുത് മുതലെടുത്താണ് വലിയ പ്രചാരണത്തോടെ ഓണ്‍ലൈൻ റമ്മി ആപ്പുകൾ സജീവമായത്. നിയമഭേദഗതി വന്നതോടെ ആപ്പുകൾക്കെതിരേ പരാതി ലഭിച്ചാൽ പോലീസിന് നിയമനടപടി സ്വീകരിക്കാൻ കഴിയും.
നിയമത്തിലൂടെ നിയന്ത്രണം കൊണ്ടുവന്നതിനാൽ കേരളത്തിൽനിന്നുള്ളവർ ഓണ്‍ലൈൻ റമ്മി ആപ്പുകളിൽ രജിസ്റ്റർ ചെയ്യുന്പോൾ കന്പനികൾക്ക് അനുമതി നിഷേധിക്കേണ്ടി വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
എന്നാൽ, ഗെയിമിംഗ് കന്പനികളുടെ സെർവർ ഇന്ത്യയിലല്ലാത്തതിനാൽ നിയമനടപടികൾക്കു പരിമിതിയുണ്ടെന്ന് സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് പ്രതിസന്ധിയെത്തുടർന്നുണ്ടായ ലോക്ക് ഡൗണ്‍ കാലത്താണ് ഓണ്‍ലൈൻ ഗെയിമിംഗ് ആപ്പുകളിലേക്ക് ആളുകൾ കൂട്ടത്തോടെ എത്തിയത്.
ഓണ്‍ലൈൻ റമ്മി കളിച്ച് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായതിനെ ത്തുടർന്ന് തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്തതോടെ ഓണ്‍ലൈൻ റമ്മി ഒരുക്കുന്ന ചതിക്കുഴികൾ കേരളത്തിൽ വലിയ ചർച്ചയായിരുന്നു.
തുടർന്ന് ഓണ്‍ലൈൻ റമ്മി നിരോധിക്കുന്നതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി സർക്കാരിനു ശിപാർശ നൽകിയിരുന്നു.
ഓണ്‍ലൈൻ ചൂതാട്ടം നിയന്ത്രിക്കാൻ നിയമം വേണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി പോളി വടക്കൻ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിക്കുകയും ഹർജിയിൽ ഓണ്‍ലൈൻ റമ്മി ആപ്പുകളുടെ ബ്രാൻഡ് അംബാസഡർമാരായ ക്രിക്കറ്റ് താരം വിരാട് കോഹ്ലി, ചലച്ചിത്ര താരങ്ങളായ തമന്ന, അജു വർഗീസ് എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
ഹൈക്കോടതി ഇടപെടലിനെ ത്തുടർന്ന് ഓണ്‍ലൈൻ റമ്മി നിരോധിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഇക്കാര്യത്തിൽ രണ്ടാഴ്ചയ് ക്കകം വിജ്ഞാപനം ഇറക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈൻ റമ്മി നിരോധിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഇപ്പോൾ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.