സെബി മാത്യു
ന്യൂഡൽഹി: ഓണ്‍ലൈൻ വാർത്താ പോർട്ടലുകൾക്കും ഒടിടി ഉള്ളടക്കങ്ങൾക്കും (ഓവർ ദ ടോപ്) മീതേ വല വിരിച്ച് മോദി സർക്കാർ. ഓണ്‍ലൈൻ വഴി പ്രക്ഷേപണം ചെയ്യുന്ന സിനിമ, സീരീസുകളെയും വാർത്താ പോർട്ടലുകളെയും കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിന് കീഴിലാക്കി കഴിഞ്ഞ ദിവസം രാഷ്ട്രപതി ഒപ്പു വച്ച വിജ്ഞാപനം പുറത്തിറങ്ങി.
ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്കു മീതെയും നിയന്ത്രണവും നിരീക്ഷണവും ഉണ്ടാകും.
ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലെ സിനിമകൾ, ഓഡിയോ വിഷ്വൽ പരിപാടികൾ, വാർത്തകൾ, വാർത്താധിഷ്ഠിത പരിപാടികൾ എന്നിവയെ വാർത്താ വിതരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കി.
ഇതോടെ നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം വീഡിയോ, ഡിസ്നി, ഹോട്സ്റ്റാർ തുടങ്ങിയ പ്രക്ഷേപണ വേദികളും ഓണ്‍ലൈൻ വാർത്താ പോർട്ടലുകൾക്കും സർക്കാർ സെൻസറിംഗിന് വിധേയമാകും.
പുതിയ നിയന്ത്രണങ്ങൾ വരുന്നതോടെ നെറ്റ്ഫ്ളിക്സും ആമസോണ്‍ പ്രൈം വീഡിയോയും ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് ഇവിടുത്തെ നിയമങ്ങളുടെ പരിധിക്കുള്ളിൽ ഒതുങ്ങിനിന്ന് പ്രക്ഷേപണം ചെയ്യേണ്ടി വരും.
വിദേശ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകൾക്ക് പുറമേ എംഎക്സ് പ്ലയർ, വൂട്ട്, ആൾട്ട്ബാലാജി, സീഫൈവ്, സണ്‍ എൻഎക്സ്ടി, ഇറോസ് ഇന്നിവയ്ക്കും നിയന്ത്രണങ്ങൾ ബാധകമാണ്.
പുതിയ വിജ്ഞാപനത്തിൽ ഓണ്‍ലൈൻ മീഡിയ, ന്യൂസ് പോർട്ടലുകൾ, വിനോദ പോർട്ടലുകൾ, ഇൻഫോടെയ്മെന്റ്, വാർത്ത, മീഡിയ അഗ്രഗേറ്റർ എന്നിവ ഉൾപ്പെടുന്ന ഡിജിറ്റൽ പ്രക്ഷേപണം അടക്കമുള്ളവയ്ക്കു നയരൂപീകരണം ആവശ്യമാണെന്നു പറയുന്നു.
അച്ചടി, ദൃശ്യ മാധ്യമങ്ങൾക്ക് സമാന രീതിയിൽ ഓണ്‍ലൈൻ വിവര പ്രചാരണ മേഖലയെ നിർവചിക്കുമെന്നും ഉത്തരവിൽ പറയുന്നു.
ഇനി മുതൽ വാർത്താ പോർട്ടലുകൾ നിർബന്ധമായും രജിസ്ട്രാർ ഓഫ് ന്യൂസ്പേപ്പേഴ്സ് ഓഫ് ഇന്ത്യയിൽ (ആർഎൻഐ) രജിസ്റ്റർ ചെയ്തിരിക്കണം. ഇതിനായി 1867ലെ പ്രസ് ആന്‍ഡ് രജിസ്ട്രേഷൻ ഓഫ് ബുക്സ് ആക്ടിന് പകരം പുതിയ നിയമം കൊണ്ടു വരും.
അച്ചടി മാധ്യമങ്ങളുടെ നിയന്ത്രണത്തിന് പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യയും ദൃശ്യമാധ്യമങ്ങളുടെ നിരീക്ഷണത്തിന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും ഉണ്ടെങ്കിലും ഓണ്‍ലൈൻ വാർത്താ പോർട്ടലുകളുടെ നിയന്ത്രണത്തിന് പ്രത്യേക സംവിധാനം ഉണ്ടായിരുന്നില്ല.
അമിത ലൈംഗിക ഉള്ളടക്കങ്ങളും പരിധി വിട്ട അക്രമം രംഗങ്ങളും ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിൽ അനിയന്ത്രിതമായി വർധിച്ചു വരുന്നതായി നിരവധി പരാതികൾ ലഭിച്ചിരുന്നു എന്നാണ് വാർത്താ വിതരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞത്.
ഓണ്‍ലൈൻ വാർത്താ പോർട്ടലുകളുടെ സാങ്കേതിക കാര്യങ്ങളിൽ വിവര സാങ്കേതിക മന്ത്രാലയത്തിന് നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും ഇവയുടെ ഉള്ളടക്കത്തിൽ ഇടപെടാനോ നിയന്ത്രിക്കാനോ ഉള്ള അധികാരമില്ലായിരുന്നു.
ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലെ വീഡിയോ പ്രക്ഷേപണങ്ങളിൽ നിയന്ത്രണത്തിന് സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി എത്തിയതിന് പിന്നാലെയാണ് സർക്കാർ ഒടിടി നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിനായി പ്രത്യേക സമിതി അനിവാര്യമാണെന്ന് സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഓണ്‍ലൈൻ പോർട്ടലുകളുടെ നിയന്ത്രണം ഉൾപ്പെടെ വാർത്താ വിതരണ മന്ത്രാലയത്തിന്റെ അധികാരം വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മേയ് 30ന് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയിരുന്നു എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.