കൊച്ചി: ജയസൂര്യയും ബോളിവുഡ് താരം അദിഥിറാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ‘സൂഫിയും സുജാതയും’ ആമസോണ്‍ പ്രൈമില്‍ ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നു.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മിച്ചത്. ഓണ്‍ലൈന്‍ റിലീസിനെ എതിര്‍ത്തു കേരള ഫിലിം ചേംബര്‍ ഉള്‍പ്പെടെ രംഗത്തെത്തി.
സിനിമാതിയറ്റര്‍ വ്യവസായത്തെ പൂര്‍ണമായും ഉന്മൂലനംചെയ്യുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ അധിനിവേശം അശങ്കയുണര്ത്തുന്നതാണെന്നു കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷന് അറിയിച്ചു.
ഇന്ത്യന്‍ സെന്‍സര്‍ നിയമങ്ങള്‍ക്കു വിധേയമല്ലാത്ത സൃഷ്ടികൾ ഒരു നിയന്ത്രണവുമില്ലാതെയാണ് വീടുകളില്‍ എത്തുന്നത്. ഇതിലേക്കു പ്രേക്ഷകര്‍ വഴിമാറുന്നതു കോടികള്‍ കടം വാങ്ങി നിര്‍മിച്ച തിയറ്റര്‍ വ്യവസായത്തിന്റെ നാശത്തിനു കാരണമാകുമെന്നും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
അതേസമയം, സിനിമകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നതു തിയറ്ററുകള്‍ക്കു വെല്ലുവിളിയല്ലെന്നു നടനും നിര്‍മാതാവുമായ വിജയ് ബാബു പറഞ്ഞു. സിനിമ റിലീസ് ചെയ്യാന്‍ കൊറോണ കാലം കഴിയുംവരെ കാത്തിരിക്കാനാവില്ല. നിലനില്ക്കണമെങ്കില് ഈ വഴിയേയുളളു.
ചിത്രം ജൂണില്‍ റിലീസ് ചെയ്യും. റംസാനു റിലീസ് ചെയ്യാന്‍ ഇരുന്നതാണ്. അതിനു പറ്റാത്ത സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.