മുസാഫർനഗർ: ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് ഓൺലൈനിൽ തോക്ക് വില്പന നടത്തുന്ന സംഘം പിടിയിൽ. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ആയുധ ഇടപാടു നടത്തുന്നതിനിടെ ഇന്നലെ വൈകിട്ടാണ് ഏഴുപേരടങ്ങുന്ന സംഘത്തെ പോലീസ് പിടികൂടിയത്.
അഞ്ച് അനധികൃത പിസ്റ്റൾ, വെടിയുണ്ടകൾ, ബൈക്ക്, കാർ, മൊബൈൽ ഫോണുകൾ എന്നിവ പ്രതികളിൽനിന്നു പിടിച്ചെടുത്തു.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെ അനധികൃതമായി ആയുധങ്ങൾ വാങ്ങുകയും വില്ക്കുകയും ചെയ്യുന്ന സംഘമാണു പിടിയിലായതെന്നു യുപി പോലീസ് പറഞ്ഞു. ദീർഘകാലമായി സംഘം ആയുധക്കച്ചവടം നടത്തുന്നുണ്ടെന്നും ഇവർക്കായി തെരച്ചിൽ നടത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.