ആലുവ: വീഡിയോ കോൾ വിശ്വസനീയമാക്കാൻ സിനിമാ സെറ്റും ശബ്ദസംവിധാനങ്ങളുമായി ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നതായി പോലീസ് മുന്നറിയിപ്പ്.
പ്രഫഷണലുകൾ, വീട്ടമ്മമാർ തുടങ്ങി സമൂഹത്തിന്റെ എല്ലാ തുറകളിലും ഉള്ളവർ ഓൺ ലൈൻ കെണിയിലാകുന്നത് വർധിച്ചതോടെയാണ് മുന്നറിയിപ്പുമായി പോലീസ് രംഗത്ത് വന്നിരിക്കുന്നത്. ഇരകളിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ കോടതി മുറി, പോലീസ് സ്റ്റേഷൻ, ജയിൽ, സിബിഐ ഓഫീസ് തുടങ്ങിയ സെറ്റുകൾ ഒരുക്കി വീഡിയോ കോൾ നടത്തുകയാണെന്ന് പോലീസ് പറയുന്നു.
അപരിചതമായ നമ്പറുകളിൽനിന്ന് വരുന്ന വീഡിയോ, ഓഡിയോ കോളുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും പാക്കിസ്ഥാന്റെ +92 ൽ തുടങ്ങുന്ന വാട്സ് ആപ്പ് കോളുകളാണ് തട്ടിപ്പു സംഘങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതെന്നും പോലീസ് അറിയിച്ചു. ആപ്പു വഴി സൃഷ്ടിച്ച ഫോൺ നമ്പറുകളാകാനും സാധ്യത കാണുന്നുണ്ട്.
വാട്സ് ആപ്പ് ചിത്രം ഇട്ടിരിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം ധരിച്ച ഒരാളുടേതോ പ്രമുഖ അന്വേഷണ ഏജൻസികളുടേയോ എംബ്ലവുമാകാം. നിങ്ങളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴി കോടികളുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട്, സിം എടുത്ത് രാജ്യദ്രോഹപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്, കൊറിയറിൽ മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട് തുടങ്ങി നിരവധി വ്യാജ കേസുകളാണ് തട്ടിപ്പു സംഘം പറയുന്നത്.
മകൾക്കു മയക്കുമരുന്നുസംഘവുമായി ബന്ധമുണ്ടെന്നു പറഞ്ഞ് പിതാവിൽനിന്നു ലക്ഷങ്ങൾ തട്ടി
ആലുവ: മാധ്യമങ്ങളിൽ തുടർച്ചയായി ഓൺലൈൻ തട്ടിപ്പു വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോഴും വീണ്ടും എറണാകുളത്ത് വീഡിയോ കോൾ തട്ടിപ്പ് നടന്നു. “മയക്കുമരുന്ന് സംഘ’ത്തിൽ ഉൾപ്പെട്ടെന്ന് തട്ടിപ്പ് സംഘം വിശ്വസിപ്പിച്ച എംബിബിഎസ് വിദ്യാർഥിയായ മകളെ രക്ഷിക്കാൻ പിതാവ് മുടക്കിയത് ലക്ഷങ്ങളെന്ന് സൈബർ പോലീസ് അറിയിച്ചു.
എംബിബിഎസിന് പഠിക്കുന്ന പെൺകുട്ടിയുടെ പിതാവിനെ ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണ സംഘമാണെന്ന് പറഞ്ഞാണ് വിളിച്ചത്. മയക്കുമരുന്ന് പിടികൂടിയെന്നും മകൾക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും പറഞ്ഞു. മകൾക്ക് ഫോൺ കൈമാറിയെങ്കിലും ഞരക്കവും മൂളലും മാത്രമാണ് ഉണ്ടായത്. പോലീസ് സ്റ്റേഷനാണെന്ന് തോന്നിപ്പിക്കാൻ ഇടയ്ക്കിടക്ക് വയലർസ് സെറ്റ് ശബ്ദവും കേൾപ്പിച്ചു.
നിയമപരമായ നടപടിക്രമങ്ങൾ തുടങ്ങിയിട്ടില്ലെന്നും വലിയൊരു തുക തന്നാൽ പെൺകുട്ടിയെ ഒഴിവാക്കാമെന്നും സംഘം പറഞ്ഞു. മറ്റൊന്നും ആലോചിക്കാനോ, ആരെങ്കിലുമായി ബന്ധപ്പെടാനോ അനുവദിക്കാതെ പിതാവിനെ സംഘം പിരിമുറുക്കത്തിലാക്കി. ഒടുവിൽ തട്ടിപ്പ് സംഘം പറയുന്ന പണം നൽകി. പിന്നീട് മകളെ വിളിക്കുമ്പോഴാണ് തട്ടിപ്പായിരുന്നു എന്ന് പിതാവിന് ബോധ്യമായത്.
കേസുമായി ബന്ധപ്പെട്ട് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ പോലീസോ കോടതിയോ അന്വേഷണ സംഘങ്ങളോ ആവശ്യപ്പെടില്ലെന്നും വീഡിയോ കോൾ വഴി അറസ്റ്റ് ചെയ്യില്ലെന്നും എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു.