പയ്യന്നൂർ: ഓൺലൈൻ തട്ടിപ്പിന്റെ വലയിൽ കുരുങ്ങി നേവൽ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ഒന്നേമുക്കാൽ ലക്ഷം രൂപ നഷ്ടമായി. നേവൽ അക്കാദമിയിലെ ലഫ്. കമാൻഡറുടെ മുപ്പത്തിരണ്ടുകാരിയായ ഭാര്യയാണ് തട്ടിപ്പിന്റെ കെണിയിൽപ്പെട്ടത്. യുവതി പയ്യന്നൂർ പോലീസിനു നൽകിയ പരാതിയിൽ മിന്ത്ര ഓൺലൈൻ കമ്പനിക്കെതിരേ കേസെടുത്തു.
കഴിഞ്ഞ മാസം 28, 29നാണു പരാതിക്കാസ്പദമായ സംഭവം. വീട്ടിലിരുന്നും അധികവരുമാനം നേടാമെന്ന സന്ദേശമാണ് ഇവരെ കുടുക്കിലാക്കിയത്. സന്ദേശത്തിൽ പറഞ്ഞതു പ്രകാരം ജോലിക്കായി ഓൺലൈനിൽ അപേക്ഷ നൽകി. അംഗത്വം ലഭിക്കുന്നതിനുള്ള ഫീസുമടച്ചു.
ഇതിനുശേഷമാണ് ഓൺലൈനിൽ പണം നിക്ഷേപിച്ചാൽ 10 മുതൽ 50 ശതമാനം വരെ കമ്മീഷൻ വാഗ്ദാനം ചെയ്തുള്ള സന്ദേശമെത്തിയത്. പിന്നീട് വന്നത് ഓരോരോ ടാസ്കുകളാണ്. ഇതെല്ലാം ചെയ്യുന്നതിനനുസരിച്ച് പ്രതികൾ പറഞ്ഞ അക്കൗണ്ടിലേക്ക് പണം പൊയ്ക്കൊണ്ടിരുന്നു.
ഓരോ ടാസ്കും പിന്നിടുമ്പോഴുള്ള പ്രോത്സാഹനത്തിൽ മയങ്ങി പരാതിക്കാരിയുടെ അക്കൗണ്ടിൽ നിന്നും പരിധികഴിഞ്ഞതിനാൽ ഗൂഗിൾ പേ പോകാതെയായി. തുടർന്ന് ബന്ധുക്കളുടെയും ഭർത്താവിന്റെയും സുഹൃത്തുക്കളുടേയും അക്കൗണ്ടിൽ നിന്നു പണമയച്ചു.
ഇങ്ങനെ 1,80,932 രൂപ മിന്ത്ര ഓൺലൈൻ കമ്പനിയുടെ അക്കൗണ്ടിലേക്ക് അടച്ചതായി പരാതിയിൽ പറയുന്നു. എന്നാൽ, വാഗ്ദാന പ്രകാരമുള്ള കമ്മീഷനോ അടച്ച തുകയോ തിരിച്ചു കിട്ടിയില്ല. ഇതേത്തുടർന്നാണ് പ്രതിസ്ഥാനത്തുള്ള ഓൺലൈൻ കമ്പനിയിലേക്ക് പണമടച്ചതിന്റെ തെളിവുകൾ സഹിതം യുവതി പയ്യന്നൂർ പോലീസിൽ പരാതി നൽകിയത്.