പല തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളും അരങ്ങു വാഴുന്ന കാലമാണിത്. പൈസ തട്ടിപ്പിനായി പലരും പല വഴികളും ശ്രമിക്കാറുണ്ട്. ചിലർ ആ ചതിക്കെണിയിൽ അകപ്പെടും , മറ്റു ചിലർ രക്ഷപെടുകയും ചെയ്യും. ഇപ്പോഴിതാ അവയവ തട്ടിപ്പിനായി ഇറങ്ങിയ ഒരു പറ്റം ആളുകളുടെ കഥയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഡൽഹി എംയിസിൽ അവയമാറ്റ ശസ്ത്രക്രിയ നടത്താമെന്നാണ് തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനം.
രണ്ട് ലക്ഷം രൂപയ്ക്ക് കിഡ്നി ദാനം ചെയ്യുമെന്നാണ് സോഷ്യൽ മീഡിയയിൽ പരന്ന പരസ്യം. കൂടുതൽ വിവരങ്ങൾക്കായി ഇൻബോക്സിലേക്ക് വരൂ എന്നാണ് അടുത്ത അടവ്. തുടർന്ന് അവർ നേരിട്ട് സംസാരിക്കാൻ ഫോൺ നമ്പർ നൽകും.
പകുതി പണം മുൻകൂറായി നൽകണമെന്നാണ് ആദ്യത്തെ നിബന്ധന. നടപടിക്രമങ്ങൾക്കായി 10000 രൂപ ടോക്കൺ പണമായി നൽകണം. വിളിക്കുന്നയാളെ വിശ്വസിപ്പിക്കാൻ തട്ടിപ്പ് സംഘം പലരീതിയിൽ ശ്രമിക്കും. മുൻകൂറായി പണം വാങ്ങിയെടുത്ത് കബളിപ്പിക്കുന്ന നല്ലൊന്നാന്തരം കള്ളൻമാരുടെ തന്ത്രം മാത്രമാണിത്.