ബംഗളൂരു: കർണാടകയിൽ ഓൺലൈൻ ആപ്പിൽ കാർ ബുക്ക് ചെയ്ത യുവതിക്കുനേരേ പീഡനശ്രമം. ബംഗളൂരു കമ്മനഹള്ളിയിലെ ചിക്കണ്ണ ലേഔട്ടിൽനിന്ന് വൈറ്റ്ഫീൽഡിലേക്ക് ഊബർ ക്യാബ് ബുക്ക് ചെയ്ത യുവതിയാണ് ലൈംഗികാതിക്രമത്തിനിരയായത്. കഴിഞ്ഞദിവസം പുലർച്ചെ രണ്ടോടെയാണു സംഭവം. ബുക്ക് ചെയ്തതനുസരിച്ച് കാർ എത്തിയപ്പോൾ യുവതി അകത്തുകയറി.
കാറിനുള്ളിൽ ഡ്രൈവറെ കൂടാതെ രണ്ടുപേരെ കൂടി കണ്ടതോടെ പുറത്തിറങ്ങാൻ ശ്രമിച്ചു. ഈസമയം കാറിലുണ്ടായിരുന്നവർ ബലമായി തടയുകയും വിവസ്ത്രയാക്കാൻ ശ്രമിക്കുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. ബഹളംവയ്ക്കാൻ തുടങ്ങിയതോടെ നടുറോഡിൽ ഇറക്കിവിട്ട് പ്രതികൾ രക്ഷപ്പെട്ടു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.