അലക്സ് ചാക്കോ
ഇന്റർനെറ്റ് സംവിധാനങ്ങൾ കൂടുതലായി ആശ്രയിച്ചുള്ള വർക്ക് ഫ്രം ഹോം സന്പ്രദായം വ്യാപകമായതോടെ ഹാക്കിംഗ് ഉൾപ്പെടെയുള്ള സൈബർ ആക്രമണങ്ങൾ വലിയതോതിൽ പെരുകുന്നതായി മുന്നറിയിപ്പ്.
സാങ്കേതിക കാര്യങ്ങളിലുള്ള ജീവനക്കാരുടെ അജ്ഞത മുതലെടുത്ത് പല കന്പനികളുടെയും നിർണായക വിവരങ്ങൾ കൈക്കലാക്കാൻ സൈബർ കുറ്റവാളികൾ തക്കം പാർത്തിരിക്കുകയാണെന്നാണ് വിവിധ സുരക്ഷാ ഏജൻസികളിൽനിന്നു ലഭിക്കുന്ന വിവരം. ഓൺലൈൻ ജോലിക്കു സ്വീകരിക്കാവുന്ന ചില സുരക്ഷാ മാർഗങ്ങളിലൂടെ…
വിപിഎൻ ഉപയോഗിക്കാം
സൈബർ ആക്രമണങ്ങളെ ഒരു പരിധി വരെ തടയാൻ വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്) ഉപയോഗം സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. പുറത്തുനിന്നുള്ളവർക്ക് അപ്രാപ്യമായ, സുരക്ഷിതമായ ഒരു ടണലിലൂടെ നമ്മുടെ ഇന്റർനെറ്റ് ഗതാഗതം മുഴുവൻ നടത്തുന്നതുപോലെയാണിത്.
രഹസ്യ സ്വഭാവം നൽകൽ, കൂടുതൽ സുരക്ഷ, കുറഞ്ഞ പ്രവർത്തനച്ചെലവ് തുടങ്ങിയവയൊക്കെ വിപിഎന്നിന്റെ മേന്മകളിൽപ്പെടുന്നു. എന്നാൽ, എല്ലാ വിപിഎന്നുകളും സുരക്ഷിതമല്ല. മാത്രമല്ല ഒരു കന്പനിയിലെ നിരവധിപ്പേർ ഉപയോഗിക്കുന്പോൾ വിപിഎന്നിൽ ബ്രൗസിംഗ് വേഗം ഗണ്യമായി കുറയുന്നതടക്കമുള്ള പ്രശ്നങ്ങളും ചിലപ്പോൾ കല്ലുകടിയാവും.
പാസ്വേഡുകൾ
വർക്ക് ഫ്രം ഹോം രീതിയിൽ, നെറ്റ്വർക്കുകളിലേക്കുള്ള ജീവനക്കാരുടെ പ്രവേശനം സാധാരണയായി പാസ്വേഡുകളിലൂടെയാകും നിയന്ത്രിച്ചിരിക്കുക. എല്ലാ ജീവനക്കാർക്കും പൊതു പാസ്വേഡ് ആണെന്നുള്ള ധാരണയിൽ സമൂഹമാധ്യമങ്ങളിലടക്കം ഇവ ഷെയർ ചെയ്തു പുലിവാലു പിടിച്ച പല സംഭവങ്ങളുമുണ്ട്.
ടു ഫാക്ടർ ഒഥന്റിഫിക്കേഷൻ
നമ്മുടെ ഡിജിറ്റൽ അക്കൗണ്ടുകൾക്കു പാസ്വേഡ് നിയന്ത്രണം ഏർപ്പെടുത്തുന്നതിനു പുറമേ മറ്റൊരു സുരക്ഷാകവചം കൂടി നൽകലാണ് ടു ഫാക്ടർ ഒഥന്റിഫിക്കേഷൻ. ഒട്ടുമിക്ക സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളും ഇ- മെയിൽ സർവീസുകളും ഇപ്പോൾ ടു ഫാക്ടർ ഒഥന്റിഫിക്കേഷൻ അനുവദിക്കുന്നുണ്ട്.
പാസ്വേഡ് ടൈപ്പ് ചെയ്ത്, അടുത്ത ഘട്ട പരിശോധനയ്ക്കുകൂടി കാത്തിരിക്കാനുള്ള മടിയാണ് പലരെയും ടു ഫാക്ടർ ഒഥന്റിഫിക്കേഷനുകളിൽനിന്ന് അകറ്റുന്നത്.
ഇ മെയിലുകളിൽ
സൈബർ തട്ടിപ്പുകളിൽ ഏറിയ പങ്കും ഇ-മെയിൽ വഴിയാണെന്നാണ് കണക്കുകൾ. ഡേറ്റാ ബാങ്കുകളിൽനിന്നു സംഘടിപ്പിച്ച ഇ- മെയിൽ അഡ്രസുകളിലേക്കു മാൽവേർ അടങ്ങിയ മെയിലുകൾ അയയ്ക്കുകയാണ് ഹാക്കർമാരുടെ രീതി.
ഇങ്ങനെ ലഭിക്കുന്ന ഇ-മെയിലുകൾ തുറക്കുന്നതോടെ നമ്മുടെ സിസ്റ്റത്തിൽ മാൽവേർ പ്രവർത്തനം ആരംഭിക്കുകയും വിവരങ്ങൾ പലതും ഹാക്കറുടെ പക്കലെ ത്തുകയും ചെയ്യു ന്നു.
അപരിചിത സോഴ്സുകളിൽനിന്നു ലഭിക്കുന്ന ഇ-മെയിലുകൾ അവഗണിക്കുകയാണു പ്രധാന പ്രതിരോധ നടപടി. ഓരേ ഉള്ളടക്കത്തിലുള്ള മെയിലുകൾ പലകുറി വരുന്നതും ഉള്ളടക്കത്തിലെ വ്യാകരണ തെറ്റുകളുമൊക്കെ വ്യാജന്മാരെ തിരിച്ചറിയാൻ ഉപയോഗിക്കാം.
കാര്യക്ഷമമായ ആന്റിവൈറസ് സംവിധാനങ്ങളും ഒരു പരിധിവരെ ഇ-മെയിൽ ഹാക്കിംഗ് തടയും. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും ജോലി ആവശ്യങ്ങൾക്കുമായി ഒരേയൊരു ഇ മെയിൽ അക്കൗണ്ട് എന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഒരു ഇമെയിൽ അക്കൗണ്ട് ;മറ്റ് ഒൗദ്യോഗിക കാര്യങ്ങൾക്കു മറ്റൊന്ന് എന്ന രീതി അനുവർത്തിക്കാം.
ബാക്ക് അപ്പ് ശീലമാക്കൂ
സ്ഥാപനത്തിന്റെ നടത്തിപ്പുമായ ബന്ധപ്പെട്ട നിർണായക വിവരങ്ങൾ എക്സ്റ്റേണൽ ഡ്രൈവുകളിലോ ക്ലൗഡ് സങ്കേതങ്ങളിലോ സൂക്ഷിച്ചുവയ്ക്കുന്നത് ശീലമാക്കാം.
വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനൊപ്പം ബാക്ക് അപ്പുകളും അപ്ഡേറ്റ് ചെയ്യണം. ഹാക്കർമാർ നിർണായക വിവരങ്ങൾ കൈക്കാലാക്കിയ ശേഷം അവ തിരിച്ചുനൽകുന്നതിനു വലിയ തുക ആവശ്യപ്പെടുന്ന സംഭവങ്ങൾ കൂടിവരികയാണ്.