ഈരാറ്റുപേട്ട: മൂന്നിലവ് സ്വദേശിനിയുടെ അക്കൗണ്ടിൽനിന്നും ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി പരാതി. മൂന്നിലവ് തെക്കൻചേരിൽ ലിജിമോൾ ജോർജിന്റെ പണമാണ് നഷ്ടമായത്. ഇത് സംബന്ധിച്ച് ലിജി മേലുകാവ് പോലീസിലും ബാങ്കിലും പരാതി നൽകി.
ഫെഡറൽ ബാങ്ക് മൂന്നിലവ് ശാഖയിലാണ് ലിജിയുടെ അക്കൗണ്ട്. ശനിയാഴ്ച പുലർച്ചെയാണ് അഞ്ചു തവണകളായി പണം നഷ്ടപ്പെട്ടത്. 12.57 മുതൽ 19,999, 19,998, 19,997, 19,996, 19,995 എന്നിങ്ങനെയാണ് തുക പിൻവലിച്ചതായി മെസേജ് ലഭിച്ചത്. രാവിലെ ബാങ്ക് മാനേജർക്കും മേലുകാവ് പോലീസിനും പരാതി നൽകി.
ഒരു ഓണ്‍ലൈൻ സൈറ്റിൽനിന്നു പർച്ചേസ് ചെയ്യുന്നതിനായി അവർ അയച്ച മെസേജ് മറ്റൊരു നന്പരിലേയ്ക്ക് ലിജി ഫോർവേഡ് ചെയ്തിരുന്നു. പണം നഷ്ടപ്പെട്ടതുമായി ഇതിന് ബന്ധമുണ്ടോ എന്ന് വ്യക്തമായിട്ടില്ല. ബാങ്കിൽ ലഭിച്ച പരാതി ഇടപാടുകൾ നിരീക്ഷിക്കുന്ന വിഭാഗത്തിനു കൈമാറി.