റോബിന് ജോര്‍ജ്
കൊച്ചി: സംസ്ഥാനത്ത് സ്കൂളുകളിലും കോളജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കവേ വിപണിയില്‍ വെബ് കാമിന്റെ വില കുതിച്ചുയർന്നു.
ലോക്ക് ഡൗണിനുമുമ്പ് 1000 രൂപയില്‍ കുറഞ്ഞ വെബ് കാമുകള്‍ സുലഭമായിരുന്നു. എന്നാൽ ഇപ്പോൾ കൂടിയ വിലയുടേതു മാത്രമേ വിപണിയിലുള്ളൂ.
കുറഞ്ഞ വിലയുടെ വെബ് കാമുകള്‍ നേരത്തേ വിറ്റുപോയെന്നും സ്റ്റോക്കില്ലാത്തതാണു വിലവര്‍ധനയ്ക്ക് കാരണമായതെന്നു മാണ് വ്യാപാരികള്‍ പറയുന്നത്. കൂടാതെ ചില കമ്പനികള്‍ വില വര്‍ധിപ്പിക്കുകയും ചെയ്തു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്ന ദിനം അടുത്തതോടെ 10,000 രൂപ വിലയുള്ള വെബ് കാമുകള്‍ വരെ വാങ്ങുന്നവരുണ്ടെന്ന് കൊച്ചിയിലെ വ്യാപാരികള്‍ പറയുന്നു. ആവശ്യക്കാരേറെയുള്ള 1,000 മുതല്‍ 2,000 രൂപ വിലയുള്ള വെബ് കാമുകള്‍ ചുരുക്കം സ്ഥലങ്ങളില്‍ മാത്രമാണ് വില്പനയ്ക്കുള്ളത്.
ഓര്‍ഡര്‍ നല്കിയാലും ഇവ ലഭിക്കാത്ത സാഹചര്യമാണുള്ളത്. ചൈനീസ് കമ്പനികളുടെ വെബ് കാമാണ് സംസ്ഥാനത്ത് കൂടുതലായും വിറ്റഴിക്കപ്പെടുന്നത്. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുമാണ് ഉപകരണങ്ങള്‍ കൂടുതലായും സംസ്ഥാനത്തേക്ക് എത്തിക്കുന്നത്.
ഓണ്‍ലൈന്‍ ക്ലാസുകളോടനുബന്ധിച്ച് ഒരു വീട്ടില്‍ കുട്ടികളുടെ എണ്ണത്തിന് അനുസൃതമായി വെബ് കാം വാങ്ങുന്നവരുടെ എണ്ണവും കൂടുതലാണ്.
കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവയുടെ പാര്‍ട്സുകള്‍ക്കും വിപണിയില്‍ ക്ഷാമം നേരിടുന്നുണ്ട്.