ഇരിട്ടി: ഓൺലൈൻ വ്യാപാര ശൃംഖല ഇടപാടുകാർക്ക് അയച്ച 11 ലക്ഷം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
സംഭവത്തിന് പിന്നിൽ വൻ തട്ടിപ്പ് സംഘമെന്ന് പോലീസ്. ഫ്ലിപ്കാർട്ട് വിപണന ശൃംഖല മുഖേന ഇടപാടുകാർക്ക് അയച്ച 31 ഫോണുകളും ഒരു കാമറയുമാണ് നഷ്ടപ്പെട്ടത്.
സംഭവത്തിൽ ഫ്ലിപ്കാർട്ട് സാമഗ്രികൾ ഇടപാടുകാർക്ക് എത്തിച്ചു നൽകുന്നതിന് ചുമതലയുള്ള എന്റേർസ് സ്പോർട്സ് ട്രാൻസ്പോർട്ട് ആൻഡ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ഏരിയ മാനേജർ പി.രാജു നൽകിയ പരാതിയിൽ ഇരിട്ടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തു വരുന്നത്.
ഓൺലൈൻ വ്യാപാര ശൃംഖലയെ കന്പളിപ്പിച്ചത്. ഉല്പന്നങ്ങൾക്ക് വില തീരെ കുറവുള്ള സമയത്ത് വ്യാജ വിലാസം രജിസ്റ്റർ ചെയ്തു വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങുന്നതിനായി ഓർഡർ നൽകുന്നു.
ശേഷം ഇവ എത്തിയശേഷം സാധനം കൈപ്പറ്റിയ ശേഷം പെട്ടിയിൽ ഡ്യൂപ്ലിക്കേറ്റ് സാധനം കയറ്റി തിരിച്ചയക്കും. പണം കമ്പനിക്ക്നൽകാതിരിക്കുകയും ചെയ്യും.
ഇടപാടുകാർ ഓർഡർ ചെയ്ത ഉല്പന്നങ്ങൾ ക്യാൻസൽ ചെയ്യുമ്പോൾ ഇവ തിരിച്ചടയ്ക്കാതെ ഓഫീസിൽ നിന്നും കവരുന്നു ഇത്തരത്തിലാണ് തട്ടിപ്പ് നടക്കുന്നത്.
ഇതുസംബന്ധിച്ച് വിപുലമായ തട്ടിപ്പ് സംഘമാണ് പ്രവർത്തിക്കുന്നതെന്ന് ഇരിട്ടി പ്രിൻസിപ്പൽ എസ്ഐ ദിനേശൻ കൊതേരി പറഞ്ഞു.
ഇരിട്ടിയിലെ വട്ടിയറ എരുമത്തടത്തുള്ള ഒരു സ്ഥാപനത്തിലെ ഡെലിവറി ബോയി കരികോട്ടക്കരി വലിയപറമ്പുകരി സ്വദേശി അക്ഷയ് (19) നെ അറസ്റ്റ് ചെയ്തു.ഇയാൾ അവസാന കണ്ണിയാണെന്ന് പോലീസ് പറഞ്ഞു.
ഇരിട്ടി സർക്കിൾ ഇൻസ്പെക്ടർ എ.കുട്ടികൃഷ്ണൻ, പ്രിൻസിപ്പൽ എസ് ഐ ദിനേശൻ കൊതേരി, എസ്ഐമാരായ ബേബി ജോർജ്, റജി സ്കറിയ ,സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ മുഹമ്മദ് റഷീദ്, കെ.നവാസ് , എം.ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത് .