എരുമേലി: സാധാരണക്കാരെയും വീട്ടമ്മമാരെയും ലക്ഷ്യമിട്ട് ഓണ്‍ലൈൻ തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി.
കഴിഞ്ഞയിടെയാണ് ഒരു സംഘം വീട്ടമ്മമാർക്ക് തട്ടിപ്പിലൂടെ വൻ തുക നഷ്ടപ്പെട്ടത്. ഇതിന്റെ വാർത്തകൾ വന്നിട്ടും വീണ്ടും തട്ടിപ്പ് വ്യാപകമാവുകയാണ്.
പന്പാവാലി സ്വദേശിക്ക് ലഭിച്ച വാട്സ്ആപ്പ് മെസേജുകൾ വഴിയാണ് തട്ടിപ്പ് നടന്നത്. ആകർഷകമായ വായ്പാ പദ്ധതികളുടെ പരസ്യ മെസേജാണ് എത്തിയത്. പിന്നാലെ ഫോണ്‍ കോൾ എത്തി.
ഹിന്ദിയിൽ സംസാരിച്ച ആൾ പറഞ്ഞത് മനസിലായില്ലെങ്കിലും മെസേജിൽ കിട്ടിയ വിവരങ്ങൾ വിശ്വസിച്ച് രണ്ടു ലക്ഷം രൂപ വായ്പ ലഭിക്കാൻ മെസേജിൽ അറിയിച്ച പ്രകാരമുള്ള തുക മെസേജിലുള്ള അക്കൗണ്ട് നന്പറിലേക്ക് നൽകി.
രണ്ടു ലക്ഷത്തിനു പകരം രണ്ടര ലക്ഷമാണ് വായ്പ അനുവദിച്ചതെന്നും അധികമായി അയച്ച അര ലക്ഷം മുൻകൂർ ആയി അടച്ചാൽ അനുവദിക്കപ്പെട്ട രണ്ടു ലക്ഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ എത്തുമെന്നും അടുത്ത ദിവസം മെസേജ് എത്തി.
ഇക്കാര്യം വ്യാപാരി കൂടിയായ അയൽവാസിയോട് പന്പാവാലി സ്വദേശി പറഞ്ഞു.
ഹിന്ദി അറിയാവുന്ന അയൽവാസി മെസേജിലെ ഫോണ്‍ നന്പറിൽ വിളിച്ച് സംസാരിച്ചതോടെ വായ്പയുടെ വിവരങ്ങളിൽ പരസ്പര വിരുദ്ധമായി സംസാരിക്കുകയും കോൾ കട്ടാക്കുകയും ചെയ്തു.
തുടർന്ന് വിളിച്ചെങ്കിലും പ്രതികരണം ഇല്ലാതെയായി. പിന്നെ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി. ഇതോടെയാണ് പന്പാവാലി സ്വദേശിക്ക് തട്ടിപ്പ് വ്യക്തമായത്.
ഹിന്ദിയിൽ സംശയങ്ങൾ ചോദിച്ചു തട്ടിപ്പ് കണ്ടെത്തിയ കണമലയിലെ വ്യാപാരിക്കും ഏതാനും ദിവസങ്ങൾക്ക് മുന്‍പ് സമാനമായ അനുഭവം നേരിട്ടിരുന്നു.
താൻ ഒരു കന്യാസ്ത്രീ ആണെന്നും വിദേശത്ത് കഴിയുകയാണെന്നും താങ്കൾക്ക് മഹദ് വചനങ്ങൾ അയച്ചോട്ടെയെന്നും മെസേജ് നൽകിയാണ് ആദ്യം വ്യാപാരിക്ക് മുന്പിൽ ഓണ്‍ലൈൻ തട്ടിപ്പിന്റെ തന്ത്രം വഴി തുറന്നെത്തിയത്.
ഇതോടെ പതിവായി ദൈവിക സന്ദേശങ്ങൾ എത്തിയിരുന്നു. രണ്ട് ആഴ്ചകൾ പിന്നിട്ടപ്പോൾ ഇതല്ലാതെ ഒരു മെസേജ് എത്തി.
ഇന്ന് തന്റെ ജ·ദിനമാണെന്നും താങ്കൾക്ക് ഒരു സമ്മാനം നൽകുകയാണെന്നും വിലപിടിപ്പുള്ള സമ്മാനം വിമാന മാർഗം അയച്ചിട്ടുണ്ടെന്നുമായിരുന്നു മെസേജ്.
സമ്മാനം വാങ്ങുന്നതിന് ടാക്സ് ഫീസ് ആയി 5000 രൂപ ഇന്ത്യൻ കറൻസി അയക്കണമെന്ന് നിർദേശിച്ചിരുന്നു.
വ്യാപാരി സമ്മാനം വേണ്ടെന്നും മേലിൽ തട്ടിപ്പ് പണികളുമായി വരരുതെന്ന് മെസേജ് നൽകിയതോടെയാണ് പണം ആവശ്യപ്പെട്ട് തുടർച്ചയായി വന്ന മെസേജുകൾക്ക് വിരാമമായത്.
എരുമേലിയിൽ മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്യുന്ന യുവതിയുടെ ഫോണിൽ വാട്സ്ആപ്പ് മെസേജ് നൽകിയാണ് ഓണ്‍ലൈൻ തട്ടിപ്പ് നടത്താൻ ശ്രമമുണ്ടായത്.
ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന തങ്ങളുടെ ജൂവലറിയുടെ ശാഖ കേരളത്തിൽ കൊച്ചിയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി മൊബൈൽ ഫോണ്‍ നന്പറുകൾ അടിസ്ഥാനമാക്കി നറുക്കെടുപ്പ് നടത്തിയിരുന്നെന്നും അതിൽ ഒരു പവന്റെ സ്വർണ വള സമ്മാനമായി നിങ്ങളുടെ നന്പറിനാണെന്നും അറിയിച്ചാണ് മെസേജ് എത്തിയത്.
അടുത്ത ദിവസം വന്ന ഫോണ്‍ കോളിൽ സമ്മാനം വാങ്ങുന്നതിന് കൊറിയർ ചാർജും നികുതിയുമായി 5000 രൂപ ആവശ്യപ്പെട്ടു.
സുഹൃത്തുക്കൾ മുഖേനെ അന്വേഷണം നടത്തിയ യുവതിക്ക് ഇങ്ങനെ ഒരു ജൂവലറി ഇല്ലെന്ന് ഉറപ്പാക്കാൻ കഴിഞ്ഞതിനാൽ പണം നഷ്ടമായില്ല.
മൈക്രോ ഫിനാൻസ് വായ്പാ പദ്ധതിയായി കിഴക്കൻ മേഖലയിൽ വ്യാപകമായി ഓണ്‍ലൈൻ തട്ടിപ്പ് നടക്കുകയും ഒട്ടേറെ വീട്ടമ്മമാർ പണം നൽകി വഞ്ചിതരാവുകയും ചെയ്തത് കഴിഞ്ഞയിടെയാണ്. വീണ്ടും പല രൂപത്തിലും രീതിയിലും തട്ടിപ്പുകൾ എത്തിക്കൊണ്ടിരിക്കുകയാണ്.
സ്മാർട്ട് ഫോണുകൾ മിക്കവരിലും ആയതോടെയാണ് സാധാരണക്കാരെയും വീട്ടമ്മമാരെയും ലക്ഷ്യമിട്ട് ഓണ്‍ലൈൻ തട്ടിപ്പ് വ്യാപകമാകുന്നത്.