കടുത്തുരുത്തി: ഓണ്‍ലൈൻ ഗെയിം കളിയിൽ തോറ്റതിന് കളിയാക്കിയ സഹകളിക്കാരനെ ആക്രമിക്കാനായി ആലപ്പുഴ ചന്പക്കുളം സ്വദേശിയായ വിദ്യാർഥി കടുത്തുരുത്തിയിലെത്തി.
പ്രായപൂർത്തിയാകാത്ത വിദ്യാർഥിയാണ് തനിക്കൊപ്പം പ്രായമുള്ള വിദ്യാർഥിയും സഹകളിക്കാരനുമായ ഒരാളെ ആക്രമിക്കാനായി കിലോമീറ്ററുകൾ താണ്ടി കടുത്തുരുത്തിയിലെത്തിയത്.
നാട്ടുകാരുടെ സമയോചിതമായ ഇപെടൽ മൂലം ആയുധങ്ങളുമായെത്തിയ വിദ്യാർഥി പോലീസ് പിടിയിലായതോടെ സംഘർഷം ഒഴിവാകുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ഓണ്‍ലൈൻ ഗെയിമിൽ പലരും പങ്കെടുത്തിരുന്നു. ഇതിൽ കടുത്തുരുത്തി സ്വദേശി ചന്പക്കുളം സ്വദേശിയായ സഹകളിക്കാരനായ വിദ്യാർഥിയെ പരാജയപ്പെടുത്തി.
ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. തോറ്റ തന്നെ പരിഹസിച്ച കടുത്തുരുത്തിക്കാരനെ തേടി ഇരുചക്രവാഹനത്തിൽ ചന്പക്കുളം സ്വദേശി യാത്രതിരിക്കുകയായിരുന്നു.
ഇതിനിടെ കടുത്തുരുത്തിയിലെത്തിയ വിദ്യാർഥി പലരോടും താൻ തേടിവന്ന ആളെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങി.
സഹകളിക്കാരനെ ആക്രമിക്കാനാണ് വന്നതെന്ന് കാര്യം തിരക്കിയവരോട് ചന്പക്കുളം കാരനായ വിദ്യാർഥി പറയുകയും ചെയ്തു.
നാട്ടുകാർ കടുത്തുരുത്തി സ്വദേശിയായ വിദ്യാർഥിയുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചു.
ഇവർ ഉടൻതന്നെ വിവരം കടുത്തുരുത്തി പോലീസിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് തെരുവിലൂടെ ചുറ്റിക്കറങ്ങി നടന്ന ചന്പക്കുളം സ്വദേശിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ചന്പക്കുളത്തുള്ള രക്ഷിതാക്കളെ വിളിച്ചുവരുത്തി വിദ്യാർഥിയെ അവർക്കൊപ്പം പോലീസ് പറഞ്ഞയയ്ക്കുകയായിരുന്നു.