തിരുവനന്തപുരം: വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത കച്ചവടസ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ നിര്‍ദ്ദേശിച്ചു. ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കും.
ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍, എഡിഎം, ആര്‍ഡിഒ, അസിസ്റ്റൻഡ് കലക്റ്റര്‍മാര്‍ എന്നിവര്‍ ജില്ലകളില്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും. ഓണത്തിന് ജില്ലകളില്‍ ഭക്ഷ്യ വകുപ്പ്, റവന്യു, പൊലീസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംയുക്ത സ്ക്വാഡുകള്‍ രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
കടല, തുവര, പഞ്ചസാര, കുറുവ അരി, വെളിച്ചെണ്ണ എന്നിവയ്ക്ക് വരും മാസങ്ങളില്‍ വിലവര്‍ധനയ്ക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അവശ്യ സാധനങ്ങളുടെ ലഭ്യത കൂട്ടാന്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.
ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൈസ് റിസേര്‍ച്ച് ആൻഡ് മോണിട്ടറിംഗ് സെല്‍ അവശ്യസാധങ്ങളുടെ വിലനിലവാരം പരിശോധിച്ച് സര്‍ക്കാരിന് കൃത്യമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്.
ഓണച്ചന്തകൾ സെപ്റ്റംബർ 5ന്
തിരുവനന്തപുരം: ഓണച്ചന്തകൾ സെപ്റ്റംബർ 5ന് തുടങ്ങും. സംസ്ഥാനത്തെ 92 കേന്ദ്രങ്ങളിലാണ് സപ്ലൈകോ ഓണച്ചന്ത ഒരുക്കുക. 13 ജില്ലാ ചന്തകളും 78 താലൂക്ക് ചന്തകളും ഒരു സംസ്ഥാന ചന്തയും ഉണ്ടാകും.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് സംസ്ഥാന വിപണന മേള. ഉത്രാട ദിനംവരെ ഓണച്ചന്തകൾ പ്രവർത്തിക്കും.ജില്ലാ, സംസ്ഥാനമേളയ്ക്ക് പ്രത്യേക പന്തൽസൗകര്യം ഉണ്ടാകും. ഹോർട്ടികോർപ്, കുടുംബശ്രീ, മിൽമ ഉൽപ്പന്നങ്ങൾ എല്ലാ സപ്ലൈകോ ചന്തകളിലും വിൽപ്പനയ്ക്കുണ്ടാകും.
സബ്സിഡിയിതര ഉൽപ്പന്നങ്ങളുടെ ഓഫർ മേളയുമുണ്ടാകും. ജൈവപച്ചക്കറി സമാഹരിക്കാനും ചന്തകളിൽ പ്രത്യേക സ്റ്റാളുകളിലൂടെ വിൽക്കാനും സൗകര്യങ്ങളൊരുക്കും.