ജയ്പുർ: കോവിഡ് ബാധിച്ചു മരിച്ചയാളുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത 21 പേർ മരിച്ചു.
രാജസ്ഥാനിലെ സികാർ ജില്ലയിലാണ് സംഭവം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ശവസംസ്കാര ചടങ്ങ് നടന്നത്.
ഏപ്രിൽ 15നും മേയ് അഞ്ചിനും ഇടയിലാണ് ഇത്രയും ആളുകൾ മരിച്ചത്. മരിച്ചവരിൽ നാല് പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം ഏപ്രിൽ 21നാണ് ഖീർവ ഗ്രാമത്തിലേക്ക് കൊണ്ടുവന്നത്.
സംസ്കാര ചടങ്ങിൽ 150ഓളം പേർ പങ്കെടുത്തു. മൃതദേഹം പ്ലാസ്റ്റിക് ബാഗിലാണ് ആശുപത്രിയിൽ നിന്നും കൊണ്ടുവന്നത്.
നിരവധിയാളുകളാണ് ഈ ബാഗിൽ സ്പർശിച്ചത്. ചടങ്ങിനെത്തിയവരിൽ ആരും തന്നെ പ്രോട്ടോക്കോൾ പാലിച്ചിരുന്നില്ല.
മരിച്ചവരിൽ ഭൂരിഭാഗവും പ്രായംചെന്നവരാണെന്ന് അധികൃതർ വ്യക്തമാക്കി.
ഇത്രയും മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്കാര ചടങ്ങിൽ പങ്കെടുത്ത 147 പേരുടെ കുടുംബാംഗങ്ങളിൽ നിന്നും സാംപിൾ ശേഖരിച്ചുവെന്ന് അധികൃതർ അറിയിച്ചു.
കൂടാതെ ഗ്രാമത്തിൽ അണുനശീകരണം നടത്തുകയും ചെയ്തു.