സ്വന്തം ലേഖകൻ
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മറ്റൊരു സ്ഥലത്തും ഇല്ലാത്ത വോട്ടുപിടുത്തമാണ് ഇവിടെ കോണ്‍ഗ്രസുകാരുടേത്.
എല്ലാവരും കൈപ്പത്തിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചിരുന്ന കോണ്‍ഗ്രസുകാരിപ്പോൾ ദയവു ചെയ്ത് കൈപ്പത്തിക്ക് കുത്തല്ലേയെന്ന് ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ്.
കൈപ്പത്തി പോക്കറ്റിലിട്ട് എല്ലാ കോണ്‍ഗ്രസുകാരും ഇപ്പോൾ ഓട്ടോറിക്ഷയിലാണ്. കൈപ്പത്തിയെ കുറിച്ച് ചോദിച്ചാൽ ഇവിടുത്തെ കോണ്‍ഗ്രസുകാർ പറയും, എന്റെ പൊന്നേ അതു മാത്രം ഓർമിപ്പിക്കല്ലേ.
പാണഞ്ചേരി പഞ്ചായത്തിൽ പീച്ചി ഡാമിന് സമീപമുള്ള 15-ാം വാർഡായ വിലങ്ങന്നൂരിലാണ് കോണ്‍ഗ്രസുകാർക്ക് ഈ ഗതികേട് വന്നിരിക്കുന്നത്.
എല്ലാം കോണ്‍ഗ്രസ് നേതാക്കൾ വരുത്തി വച്ചതു തന്നെയെന്നതാണ് മറ്റൊരു കൗതുകം. വിലങ്ങന്നൂർ വാർഡിലെ ആദ്യത്തെ ഒൗദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.സി. അഭിലാഷിനെയാണ്.
എന്നാൽ ആ വാർഡിലെ ഒരു കോണ്‍ഗ്രസ് പ്രവർത്തകനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം നിരാകരിച്ചാണ് ഡിസിസി നേതൃത്വം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനെ ഒൗദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസവും തർക്കം തീർന്നില്ല. എന്നാൽ ചിഹ്നം കിട്ടുന്പോൾ കോണ്‍ഗ്രസുകാരെല്ലാം തങ്ങളുടെ കൂടെ നിൽക്കുമെന്നാണ് ബ്ലോക്ക് പ്രസിഡന്റും കരുതിയത്.
ചിഹ്നം കിട്ടിയിട്ടും വാർഡിലെ കോണ്‍ഗ്രസുകാർ സ്വതന്ത്ര സ്ഥാനാർഥിയായ ഷൈജു കുര്യന്റെ ഒപ്പം നിന്നതോടെ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻവലിക്കാൻ തീരുമാനിച്ചു.
അതോടെ ഒരു ദിവസം ഒൗദ്യോഗിക സ്ഥാനാർഥിയായിരുന്ന അഭിലാഷ് സ്ഥാനാർഥിത്വം പിൻവലിച്ച് എല്ലാവരും ഷൈജുവിന് വോട്ടു ചെയ്യണമെന്ന അഭ്യർഥനയും ഇറക്കി.
എന്നാൽ ബാലറ്റ് പേപ്പറിൽ നിന്ന് ചിഹ്നമോ, പേരോ പിൻവലിക്കാൻ കഴിഞ്ഞിട്ടില്ല.
അതോടെയാണ് കോണ്‍ഗ്രസുകാരെല്ലാവരും ഷൈജുവിന്റെ ചിഹ്നമായ ഓട്ടോറിക്ഷയ്ക്കുവേണ്ടി വോട്ടു ചോദിക്കാനിറങ്ങിയിരിക്കുന്നത്.
ഒൗദ്യോഗിക ചിഹ്നമായ കൈപ്പത്തി ബാലറ്റ് പേപ്പറിലുണ്ടായിട്ടും എല്ലാവരും ഓട്ടോറിക്ഷ ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്ന് അഭ്യർഥിക്കുന്ന കോണ്‍ഗ്രസുകാർ കേരളത്തിൽ മറ്റെവിടെയും കാണാൻ വഴിയില്ല.
എന്തു ചെയ്യാം കോണ്‍ഗ്രസുകാരൊക്കെ ഇപ്പോൾ ഓട്ടോറിക്ഷയുടെ പിന്നാലെയാണ്.
സ്ഥിരമായി കോണ്‍ഗ്രസ് സ്ഥാനാർഥികളെ വിജയിപ്പിക്കുന്ന വാർഡാണിത്. അതിനാലാണ് സ്ഥാനാർഥിത്വത്തെ സംബന്ധിച്ചും തർക്കം വന്നത്.
എന്നാൽ ഈ വാർഡ് തിരിച്ചു പിടിക്കാൻ എൽഡിഎഫിലെ ഏറ്റവും മുതിർന്നയാളെ തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്.
മുൻ പഞ്ചായത്ത് സറ്റാൻഡിംഗ് കമ്മിറ്റിയംഗമായിരുന്ന തോമസ് ശാമുവേലാണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപിയിലെ ഗിരിജ വല്ലഭനാണ് ഇവിടെ സ്ഥാനാർഥി.