വർഗീസ് എം.കൊച്ചുപറമ്പിൽ
ചവറ: മലയാളികളുടെ പ്രിയപ്പെട്ട കവി ഒ.എന്‍.വി. കുറുപ്പ് ഓര്‍മയായിട്ട് ഇന്ന് മൂന്ന് വര്‍ഷം തികയുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും മറക്കാത്ത കാവ്യ – സംഗീത വരികൾ നമുക്കേകിയാണ് അദ്ദേഹം വിടവാങ്ങിയത്. ഒഎന്‍വി എന്ന മൂന്നക്ഷരം കവിത, സിനിമ തുടങ്ങി കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക മേഖലയില്‍ ആറ് പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.
പ്രകൃതിയുടെയും മണ്ണിന്റേയും ജീവാംശമുള്ള ആ ഭാഷാ സൗന്ദര്യം മലയാളിയുടെ അഭിമാനമായി ഇന്നും ജനമനസിൽ കുടിക്കൊള്ളുന്നു. മലയാളിയുടെ ഹൃദയത്തിൽ എന്നും മൂളിപ്പാടുവാൻ അനവധി ചലച്ചിത്ര – നാടക ഗാനങ്ങള്‍. ആ അക്ഷരസപര്യക്ക് നമ്മുടെ രാജ്യം നല്‍കിയത് പത്മശ്രീ, പത്മവിഭൂഷണ്‍ മുതല്‍ ജ്ഞാനപീഠം വരെ അനേകം പുരസ്കാരങ്ങള്‍. ഒപ്പം കേന്ദ്ര -കേരള സാഹിത്യ അക്കാദമികളുടെ ആദരവും.
1937 മെയ് 27ന് കൊല്ലം ചവറയില്‍ ജനിച്ച ഒഎന്‍വി 1950 കള്‍ മുതല്‍ മരണം വരെയും കാവ്യരംഗത്ത് നിറഞ്ഞു തന്നെ നിന്നിരുന്നു. ആ കാവ്യസൗരഭ്യത്തിന്റെ നഷ്ടവര്‍ഷമാണ് 2016 ഫെബ്രുവരി 13 മുതല്‍ ഇന്ന് വരേയുള്ള ദിനങ്ങള്‍. കവിയുടെ ജന്മഗൃഹമായ നമ്പ്യാടിക്കൽ വീട്ടിൽ സ്മരണ പങ്കുവെക്കാൻ വിവിധ സംഘടനകൾ ഇന്ന് ഒത്തുചേരും .
കവിയുടെ ജന്മഗൃഹം സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് രണ്ടു തവണ ചർച്ച നടത്തിയെങ്കിലും തീരുമാനം എങ്ങുമെത്തിയിട്ടില്ല. ഒഎൻവിയുടെ ജന്മ ഗൃഹവും എഴുത്തുപുരയും കാണുവാൻ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ എത്തുന്നുണ്ട്.
ഇന്ന് പുഷ്പാർച്ചനയും സമ്മേളനങ്ങളും ഒ എൻ .വി കുറുപ്പ് ജന്മഗൃഹസ്മാരകസമിതി , ചവറ വികാസ് , പുരോഗമന കലാസാഹിത്യസംഘം, സിപിഐ മണ്ഡലം കമ്മിറ്റി, വിവിധ വിദ്യാലയങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും.