സ്വന്തംലേഖകന്‍
കോഴിക്കോട്: എക്സൈസില്‍ വനിതകളുടെ ഊമക്കത്ത് വിവാദമായി നിലനില്‍ക്കെ പുരുഷ സേനാംഗങ്ങളും പരാതിയുമായി രംഗത്ത്. എക്സൈസില്‍ വനിതകളെ എടുത്തതിനു ശേഷം പുരുഷ ജീവനക്കാര്‍ക്ക് പലവിധത്തിലുള്ള പീഡനങ്ങളും ആരോപണങ്ങളും ഏല്‍ക്കേണ്ടി വരുന്നുവെന്ന് വെളിപ്പെടുത്തിയാണ് എക്സൈസ് കമ്മീഷണര്‍ക്ക് കത്തയച്ചത്.
സംഭവത്തില്‍ എല്ലാ ജില്ലകളിലേയും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാരോട് കത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് എക്സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം. പേര് വെളിപ്പെടുത്തുവാന്‍ ഭയക്കുന്ന ഒരു കൂട്ടം പുരുഷ സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍ക്ക് വേണ്ടി അവരുടെ അഭിപ്രായം മാനിച്ച് സമര്‍പ്പിക്കുന്ന പരിവേദനമെന്ന് തുടങ്ങുന്നതാണ് കത്ത്.
എക്സൈസില്‍ വനിതകള്‍ നേരിടുന്ന ശാരീരികവും മാനസികവുമായി പ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള പരാതി നിലനില്‍ക്കെയാണു പുതിയ പരാതിയുമായി മറ്റു ചിലര്‍ രംഗത്തെത്തിയത്. ഇതോടെ എക്സൈസ് സേനയിലെ പുരുഷ -വനിതാ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
ഇത് ഒരു വ്യാജപരാതിയാണെന്നോ പുരുഷ സിഇഒമാര്‍ക്ക് തോന്നിയ ഭ്രാന്തന് ചിന്താഗതിയാണെന്നോ കരുതി മുഴുവന്‍ വായിച്ചു നോക്കാതിരിക്കരുത്. അങ്ങയുടെ സമക്ഷത്തില്‍ ആവലാതികളും സങ്കടങ്ങളും എത്തിക്കുവാന്‍ മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു കത്തെഴുതേണ്ടി വന്നതെന്നും” വ്യക്തമാക്കിയാണ് കത്ത് തുടങ്ങുന്നത്.
കത്തിന്റെ ചുരുക്കം
എക്സൈസ് ഡിപ്പാര്ട്ട്മെന്റിൽവനിതകളെ എടുത്തതിനുശേഷം പുരുഷ ജീവനക്കാര്‍ പലവിധത്തിലുള്ള പീഡനങ്ങളും ആരോപണങ്ങളും ഏല്‍ക്കേണ്ടി വരുന്നു. അതിന് ഒരു ഉദാഹരണമാണ് തിരുവനന്തപുരം ജില്ലയില്‍ ഒരു പ്രിവന്റീവ് ഓഫീസര്‍ യൂണിഫോം ഇടാന്‍ പറഞ്ഞപ്പോള്‍ പറ്റില്ലെന്നും സാര്‍ വേണമെങ്കില്‍ ഇടൂ എന്ന് പറഞ്ഞത്.
ഈ വിവരം പ്രിവന്റീവ് ഓഫീസര്‍ മേലധികാരികളെ രേഖാമൂലം അറിയിക്കുകയും അതിന്റെ വൈരാഗ്യത്തില്‍ പ്രിവന്റീവ് ഓഫീസര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് മേലധികാരികള്‍ക്ക് പരാതി കൊടുത്തു. അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് തെളിയുകയും ചെയ്തു. വനിതകള്‍ രാവിലെ 10 ഉം 11 ഉം മണിക്കാണ് ഓഫീസിലെത്തുന്നത്.
അഞ്ചു മണിക്ക് മുമ്പേ പോവും. എന്നാല്‍ അവര്‍ വാങ്ങുന്നതോ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പണിയെടുക്കുന്ന പരുഷ ജീവനക്കാരുടെ അതേ ശമ്പളവും യൂണിഫോം അലവന്സുമാണ് . അവരില്‍ പലരും യൂണിഫോം ധരിക്കാറില്ല. മേലുദ്യോഗസ്ഥര്‍ ഇവരോട് യൂണിഫോം ധരിക്കാന്‍ പറയാന്‍ ഭയപ്പെടുകയാണ്.
ഞങ്ങള്‍ രാവിലെ ഓഫീസില്‍ വന്നിട്ട് പിന്നീട് വിശ്രമത്തിനായി പോകുന്നത് രാത്രി എട്ടിനാണ്. കേസുള്ള ദിവസം 12വരെ ജോലി ചെയ്യും. എന്നാല്‍ പിറ്റേന്ന് രാവിലെ ഓഫീസില്‍ എത്തിയാലും വനിതകള്‍ എത്തിയിട്ടുണ്ടാകില്ല. അവരുടെ ജോലികള്‍ കൂടെ ഞങ്ങള്‍ ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
പോലീസിലും കെഎസ്ആര്‍ടിസിയിലും വനിതകള്‍ കൃത്യമായി പരാതി കൂടാതെ ജോലി ചെയ്യാന്‍ തയാറാണ്. എന്നാല്‍ എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിലെ വനിതകള്‍ക്ക് ചില ഡിസിമാരും എഇസിമാരും സിഐമാരും ഇഐമാരും പ്രിവന്റീവ് ഓഫീസര്‍മാരും സൗകര്യം ചെയ്തുകൊടുക്കുകയാണ്. നല്ല പുരുഷ ഉദ്യോഗസ്ഥരെ ഉപദ്രവിക്കാനായി ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ഇവര്‍ അടുപ്പം സ്ഥാപിക്കുന്നത് പതിവാണ്.
ഇതിനുദാഹരണങ്ങളും പലതുണ്ട്. വനിതാ എക്സൈസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാല്‍ ഡിപ്പാര്‍ട്ട്മെന്റ് വാഹനത്തില്‍ അവരെ വീട്ടില്‍ കൊണ്ടുവിടാറുള്ളതാണ്. അല്ലെങ്കില്‍ അവരെ ജോലിക്ക് കിട്ടാറില്ല. അതിനാല്‍ എത്രയും പെട്ടന്ന് രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ എങ്കിലും നമ്മുടെ അതേ ജോലി ചെയ്യിക്കാന്‍ ദയവുണ്ടാകണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു’ വെന്നാണ് കത്തിലെ പരാമര്‍ശം .