ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന് ഹൃദയാഘാതത്തെത്തുടര്‍ന്ന് പത്തു ദിവസമെങ്കിലും വിശ്രമിക്കേണ്ടി വരുമെന്ന സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. ഈ അവസരത്തില്‍ ബെന്നി ബെഹനാന് പകരക്കാരനായി ഉമ്മന്‍ ചാണ്ടി ചാലക്കുടിയില്‍ പ്രചരണത്തിനിറങ്ങണമെന്ന ആവശ്യം ഉയരുകയാണ്. വോട്ടെടുപ്പ് നടക്കാന്‍ കേവലം രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ പ്രചരണം മുന്നില്‍ നിന്നും നയിക്കാന്‍ ഉമ്മന്‍ചാണ്ടി എത്തുന്നത് പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജമാകുമെന്നാണ് വിലയിരുത്തല്‍.
വ്യാഴാഴ്ച രാത്രി പര്യടനം പൂര്ത്തിയാക്കിയെത്തിയതിന് പിന്നാലെ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ബെന്നി ബെഹന്നാന് ഹൃദയാഘാതം ഉണ്ടായത്. കൃത്യ സമയത്ത് തന്നെ എത്തിക്കാനായതിനാല്‍ ബ്ലോക്ക് കണ്ടെത്തി ആന്‍ജിയോ പ്ലാസ്റ്റി ചെയ്യുകയായിരുന്നു. അപകടനില തരണം ചെയ്തെങ്കിലും 48 മണിക്കൂര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരാനാണ് നിര്‍ദേശം. ഇതിന് പിന്നാലെ 10 ദിവസത്തെ വിശ്രമം കൂടിയാകുമ്പോള്‍ പ്രചരണത്തിന്റെ കാര്യം അവതാളത്തിലാകുമെന്ന അവസ്ഥയാണുള്ളത്. മുഖ്യപതിപക്ഷമായ സിപിഎം നേരത്തേ തന്നെ ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ച് ഏറെ ദൂരം പ്രചരണത്തില്‍ മുമ്പോട്ട് പോകുകയും ചെയ്ത ശേഷമാണ് ബെന്നി ബെഹന്നാന്റെ പേര് പുറത്തുവന്നത്.
ഇതോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ മുതിര്‍ന്ന ഒരു നേതാവിന്റെ സാന്നിദ്ധ്യം അനിവാര്യവുമാണ്. ഈ തെരച്ചിലാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയില്‍ എത്തി നില്‍ക്കുന്നത്. പ്രചാരണം ചൂടു പിടിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിക്ക് പ്രചരണം നടത്താന്‍ കഴിയാതെ വരുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയും നില നില്‍ക്കുകയാണ്. സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ യുഡിഎഫ് പ്രചരണ പരിപാടികള്‍ നിര്‍ത്തി വെച്ചിരിക്കകയാണ്. ഇടതു എംപി ഇന്നസെന്റിന്റെ പ്രചാരണം മുന്നേറുകയും ചെയ്തിരിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയെ പോലെ കരുത്തനായ ഒരു നേതാവ് പ്രചരണ പരിപാടികളില്‍ ചുക്കാന്‍ പിടിക്കാതെ രക്ഷയില്ലെന്നാണ് അണികളുടെ കാഴ്ചപ്പാട്.
സ്ഥാനാര്‍ഥിയുടെ അഭാവത്തില്‍ എംഎല്‍എമാര്‍ തങ്ങളുടെ നിയമസഭാ മണ്ഡലങ്ങളില്‍ പ്രചാരണം നയിക്കണമെന്ന തീരുമാനമാണ് പ്രവര്‍ത്തകര്‍ക്കുള്ളത്. ഉമ്മന്‍ചാണ്ടി വരികയാണെങ്കില്‍ പരമ്പരാഗത വോട്ടുകള്‍ക്ക് പുറമേ കഴിഞ്ഞ തവണ വിമത നീക്കത്തില്‍ പെട്ടുപോയ വോട്ടുകളും തിരികെയെത്തിക്കാമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. എന്നാല്‍ ഏതെങ്കിലും മണ്ഡലത്തില്‍ മാത്രം പ്രചരണത്തിന് ഉമ്മന്‍ചാണ്ടിയെ ഉപയോഗിക്കാന്‍ കഴിയില്ലെന്നും എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിന് എത്തേണ്ടയാളാണ് ഉമ്മന്ചാണ്ടിയെന്നുമാണ് കെപിസിസിയുടെ നിലപാട്.