കാസര്ഗോഡ്: കോണ്ഗ്രസ് നേതാവെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും ജില്ലയുടെ എല്ലാ ഭാഗങ്ങളിലുമെത്തി രാഷ്ട്രീയമൊന്നുമില്ലാത്ത സാധാരണക്കാര്ക്കുപോലും ഏറെ പരിചിതനായിത്തീര്ന്ന നേതാവായിരുന്നു ഉമ്മന് ചാണ്ടി.
അനാരോഗ്യത്തിന്റെ പിടിയിലമര്ന്നപ്പോള് പോലും അദ്ദേഹം പലവട്ടം ജില്ലയിലെത്തിയിരുന്നു. കഴിഞ്ഞവര്ഷം ഏപ്രിലില് കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റായിരുന്ന ഡി.വി.ബാലകൃഷ്ണന് വൈദ്യുതാഘാതമേറ്റു മരിച്ച സമയത്ത് കണ്ണൂര് ജില്ലയില് പാര്ട്ടി പരിപാടിക്കായി എത്തിയിരുന്ന ഉമ്മന് ചാണ്ടി അനാരോഗ്യം വകവയ്ക്കാതെ രാത്രി വൈകി നൂറു കിലോമീറ്ററോളം യാത്രചെയ്ത് ബാലകൃഷ്ണന്റെ വീട്ടിലെത്തിയത് കുടുംബാംഗങ്ങള്ക്കും പാര്ട്ടി പ്രവര്ത്തകര്ക്കും മറക്കാനാകാത്ത അനുഭവമാണ്.
ജില്ലയുടെ ചിരകാലാഭിലാഷമായിരുന്ന നിരവധി വികസന സ്വപ്നങ്ങളില് മുഖ്യമന്ത്രിയെന്ന നിലയില് കൈയൊപ്പ് ചാര്ത്തിയത് ഉമ്മന് ചാണ്ടിയാണ്.
എല്ലാ മാനദണ്ഡങ്ങളുമുണ്ടായിരുന്നിട്ടും ജില്ല രൂപീകരിച്ച് കാല്നൂറ്റാണ്ടോളം കാലം രണ്ടു താലൂക്കുകളിലൊതുങ്ങിയ കാസര്ഗോഡിന്റെ മലയോര മേഖലയില് വെള്ളരിക്കുണ്ടിലും വടക്കന് മേഖലയില് മഞ്ചേശ്വരത്തും രണ്ട് പുതിയ താലൂക്കുകള് അനുവദിച്ചത് ഉമ്മന് ചാണ്ടിയുടെ കാലത്താണ്.
ജില്ലയുടെ മലയോരമേഖലയ്ക്ക് എല്ലാ ആവശ്യങ്ങള്ക്കും കാഞ്ഞങ്ങാടിനെ ആശ്രയിക്കാതെ സ്വന്തമായ നിലയില് വളര്ച്ചയും വികസനവും നേടുന്നതിനുള്ള അടിത്തറയൊരുക്കിയത് വെള്ളരിക്കുണ്ട് താലൂക്കിന്റെ പിറവിയാണ്.
എല്ലാ ജില്ലകളിലും ഒരു സര്ക്കാര് മെഡിക്കല് കോളജ് എന്ന പദ്ധതിയുടെ ഭാഗമായി കാസര്ഗോഡിന് ഒരു മെഡിക്കല് കോളജ് അനുവദിച്ചതും അതിന് എന്ഡോസള്ഫാന് ദുരിതങ്ങള് ഏറ്റവുമധികം അനുഭവിച്ച ജില്ലയിലെ ഏറ്റവും പിന്നോക്കമേഖലകളിലൊന്നായ ഉക്കിനടുക്കയെ തെരഞ്ഞെടുത്തതും അതിന് ഏറ്റവുമധികം ഫണ്ട് അനുവദിച്ചതും ഉമ്മന് ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്.
സര്ക്കാര് മാറിയതോടെ അതിന് കൃത്യമായ തുടര്ച്ച ലഭിക്കാതിരുന്നതിനാലാണ് മെഡിക്കല് കോളജ് ഇന്നും പൂര്ത്തിയാകാതെ നില്ക്കുന്നത്.
അതുപോലെ എല്ലാ നിയോജകമണ്ഡലങ്ങളിലും സര്ക്കാര് കോളജ് എന്ന പദ്ധതിയുടെ ഭാഗമായി ഉദുമ മണ്ഡലത്തിലെ കുണിയയിലും കാഞ്ഞങ്ങാട് മണ്ഡലത്തിലെ കരിന്തളത്തും പുതിയ ഗവ.ആര്ട്സ് ആന്ഡ് സയന്സ് കോളജുകള് തുടങ്ങിയതും ഉമ്മന് ചാണ്ടിയുടെ കാലത്താണ്.
പെരിയ ആയംപാറയിലെ സീമെറ്റ് നഴ്സിംഗ് കോളജും ആ കാലഘട്ടത്തിന്റെ സംഭാവനയാണ്.കാലങ്ങളായി റെയില്പാതകള് കുരുക്കിട്ട റോഡ് ഗതാഗതത്തിന് വികസനത്തിന്റെ പുതുവഴികള് തുറന്ന് പടന്നക്കാട് ദേശീയപാതയിലും നീലേശ്വരം രാജാ റോഡിലും പുതിയ മേല്പാലങ്ങള് നിര്മിച്ചതും ഉമ്മന് ചാണ്ടിയുടെ ഭരണകാലത്താണ്.
കാഞ്ഞങ്ങാട്ടെ മാധ്യമപ്രവര്ത്തകനായിരുന്ന ബി.സി.ബാബുവിന്റെ അകാലവിയോഗത്തെ തുടര്ന്ന് പാതിവഴിയിലായ വീട് പൂര്ത്തിയാക്കാന് പ്രവാസി സംഘടനയുടെ സഹായത്തോടെ അഞ്ചു ലക്ഷം രൂപയുടെ സഹായമെത്തിച്ചുനല്കിയതും സഹപ്രവര്ത്തകര് നന്ദിയോടെ ഓര്ക്കുന്നു.